മുംബൈ: ക്രയോണ്‍ മോട്ടോഴ്‌സിന്റെ ക്രയോണ്‍ എന്‍വി ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്രയോണ്‍ മോട്ടോഴ്‌സിന്റെ ലോ സ്പീഡ് സ്‌കൂട്ടറുകളുടെ കൂട്ടത്തിലാണ് പുതിയ മോഡലിന് സ്ഥാനം. മികച്ച സംഭരണ ഇടം നല്‍കുന്നതുകൂടാതെ എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്നതും കൂടുതല്‍ റൈഡിംഗ് റേഞ്ച് ലഭിക്കുന്നതുമാണ് ക്രയോണ്‍ എന്‍വി.

മൂന്ന് നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറിക്കിയ പുതിയ സ്‌കൂട്ടറില്‍ അതിന് സഹായകരമാകുന്ന ഡിസൈനും കമ്പനി നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ എല്‍ഇഡി ഇരട്ട ഹെഡ്ലാമ്പുകളാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.

48 വോള്‍ട്ട് ലെഡ് ആസിഡ് ബാറ്ററി അല്ലെങ്കില്‍ 60 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഹൃദയം. ഇരട്ട എല്‍ഇഡി ഹെഡ്‌ലാംപുകള്‍ക്കൊപ്പം ഹാന്‍ഡില്‍ബാറിലെ ഇന്‍ഡിക്കേറ്ററുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ജിയോ ടാഗിംഗ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, മൊബീല്‍ ചാര്‍ജിംഗ്, കീലെസ് ഇഗ്‌നിഷന്‍, അലോയ് വീലുകള്‍, ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിങ്, സെന്‍ട്രല്‍ ലോക്കിങ് ഫങ്ഷന്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, റിവേഴ്സ് അസിസ്റ്റ്  തുടങ്ങിയവയും സവിശേഷതകളാണ്.

വലിയ സീറ്റാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. പിന്‍നിരയിലെ യാത്രക്കാര്‍ക്കായി ഒരു ബാക്ക്റെസ്റ്റും നല്‍കിയിട്ടുണ്ട്. 1,880 എംഎം നീളവും 710 എംഎം വീതിയും 1,120 എംഎം ഉയരവും വരുന്നതാണ് ക്രയോണ്‍ എന്‍വി. മണിക്കൂറില്‍ 25 കിലോമീറ്ററാണ് വാഹനത്തിന്‍റെ  ഏറ്റവും ഉയര്‍ന്ന വേഗത.

10 ഇഞ്ച് അലോയ് വീലുകളിലാണ് ക്രയോണ്‍ എന്‍വി വരുന്നത്. കീലെസ് ഇഗ്നിഷന്‍, ഇലക്ട്രോണിക് ബ്രേക്ക് അസിസ്റ്റ്, റിവേഴ്‌സ് അസിസ്റ്റ്, റീജനറേറ്റീവ് എനര്‍ജി, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഫീച്ചറുകളില്‍ ചിലതാണ്. ക്രയോണ്‍ എന്‍വി ഇലക്ട്രിക് സ്‌കൂട്ടറിന് 250 വാട്ട് ഹൈ പെര്‍ഫോമന്‍സ് ബിഎല്‍ഡിസി മോട്ടോറാണ് കരുത്തേകുന്നത്. ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

സ്പീഡ് താരതമ്യേന കുറവാണെങ്കിലും, എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിന് മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷ. ഇലക്ട്രോണിക്ക് അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം, റീജറേറ്റിവ് ബ്രേക്കിങ് സിസ്റ്റം എന്നിവ സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് നല്‍കിയിരിക്കുന്നത്. ജിയോ ടാഗിങ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, വലിയ ബൂട്ട് സ്പേസ് എന്നിവയാണ് എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകള്‍. 12 മാസ വാറണ്ടിയും സ്‌കൂട്ടറിന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ട്യൂബ്ലെസ് ടയറുകള്‍ക്കൊപ്പം അലോയ് വീലുകളുമുണ്ട്. 15 -ല്‍ അധികം ബാങ്കുകളില്‍ നിന്നും എന്‍ബിഎഫ്‌സിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇഎംഐ ആയി വാഹനം സ്വന്തമാക്കാം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വൈകാതെ പ്രഖ്യാപിക്കും.

ഉത്തരാഖണ്ഡ് ആസ്ഥാനമായ ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായ ക്രയോണ്‍ മോട്ടോഴ്‍സ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് എന്‍വി. ഇതിന് മുന്‍പ് സീസ് എന്നൊരു ഇലക്ട്രിക്ക് സ്‌കൂട്ടറിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.