Asianet News MalayalamAsianet News Malayalam

മഹീന്ദ്രയുടെ സ്‍നേഹസമ്മാനം വീട്ടിലെത്തിച്ച് ക്രിക്കറ്റ് താരകുടുംബം

ഇപ്പോള്‍ മറ്റൊരു താരവും കുടുംബവും പുത്തന്‍ ഥാറിനെ ഏറ്റുവാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍

Cricketer Shubman Gills family takes delivery of his brand new Mahindra Thar
Author
Mumbai, First Published Apr 25, 2021, 10:37 AM IST

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി വാഹനമായ 'ഥാര്‍' സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീമിലുണ്ടായിരുന്ന ടി നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ കഴിഞ്ഞ മാസമാണ് പുത്തന്‍ ഥാർ ഏറ്റുവാങ്ങിയത്. ഇപ്പോള്‍ മറ്റൊരു താരമായ ശുബ്‍മാന്‍ ഗില്ലും കുടുംബവും പുത്തന്‍ ഥാറിനെ ഏറ്റുവാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

ഗില്ലിന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരിയാണ് വാഹനം ഏറ്റുവാങ്ങിയതെന്നും കറുത്ത നിറത്തിലുള്ള വാഹനമാണ് അദ്ദേഹത്തിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുത്തതെന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ, ഏത് വകഭേദമാണ് മഹീന്ദ്ര ഗില്ലിന് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമല്ല.

Cricketer Shubman Gills family takes delivery of his brand new Mahindra Thar

ഏറെ ആനന്ദത്തോടെയാണ് ഈ ഥാര്‍ സ്വീകരിക്കുന്നതെന്നും ഥാര്‍ ഏറ്റുവാങ്ങാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നും ഈ വലിയ അംഗീകാരത്തിന് ആനന്ദ് മഹീന്ദ്രയോട് നന്ദി അറിയിക്കുന്നതായും ശുബ്‍മാന്‍ ഗില്ല് ഫേസ് ബുക്കില്‍ കുറിച്ചു.  ഇന്ത്യയ്ക്കായി കളിക്കുന്നത് ഒരു ബഹുമതിയാണെന്നും തുടര്‍ന്നും മികച്ച പ്രകടനം നല്‍കാന്‍ ശ്രമിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഐപിഎല്‍ 2021 സീസണ്‍ കളിക്കുന്ന തിരക്കിലാണ് ശുബ്‍മാന്‍ ഗില്‍.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസില്‍ ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായി പ്രവര്‍ത്തിച്ച ടീം അംഗങ്ങളായ മുഹമ്മദ് സിറാജ്, ടി.നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുബ്മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവര്‍ക്കാണ് മഹീന്ദ്ര നേരത്തെ സമ്മാനം പ്രഖ്യാപിച്ചത്. 1988-ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീം ഈ ടെസ്റ്റ് വിജയം നേടിയത്. അതേതുടര്‍ന്നാണ് താരങ്ങള്‍ക്ക് മഹീന്ദ്ര ഥാര്‍ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചത്.

Cricketer Shubman Gills family takes delivery of his brand new Mahindra Thar

2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ അവതരിപ്പിക്കുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.

Cricketer Shubman Gills family takes delivery of his brand new Mahindra Thar

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. 

Cricketer Shubman Gills family takes delivery of his brand new Mahindra Thar

Follow Us:
Download App:
  • android
  • ios