തകര്‍ച്ചയില്‍ നിന്നും കരകയറാതെ രാജ്യത്തെ വാഹനവിപണി. ഈ വര്‍ഷം ഏപ്രില്‍ -ജൂണ്‍ കാലത്ത് രാജ്യത്തെ ട്രാക്ടര്‍ വില്‍പ്പനയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രാക്ടര്‍ വില്‍പ്പനയില്‍ 14.1 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ഇന്ത്യന്‍ ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നതിന്‍റെ തെളിവുകളാണ് ട്രാക്ടര്‍ വില്‍പ്പന ഇടിവിലൂടെ ദൃശ്യമാകുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്.

അതേസമസം 2019 ഓഗസ്റ്റ് മാസത്തെ വാഹന വില്‍പ്പന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് ഓഗസ്റ്റിലും. 32.7 ശതമാനം ഇടിവ്. 2018 ഓഗസ്റ്റില്‍ കമ്പനി 1,58,189 വാഹനങ്ങള്‍ വിറ്റിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 1,06,413 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ടുമാസവും വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് മാരുതി നേരിട്ടത്. 

മാരുതിയുടെ ആഭ്യന്തര വില്‍പ്പന 34.3 ശതമാനം ഇടിഞ്ഞു. അള്‍ട്ടോ, പഴയ വാഗണ്‍ ആര്‍ മോഡലുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 71.8 ശതമാനത്തിന്‍റെ കുറവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പ്രസ്‍തുത മോഡലുകളുടെ 35895 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഈ മാസം വെറും 10123 എണ്ണം മാത്രമാണ്.

 പുതിയ വാഗണ്‍ ആര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, സെലേരിയോ, ഡിസയര്‍, ബലേനോ തുടങ്ങിയ കോംപാക്ട് പതിപ്പുകളെല്ലാം കൂടി 54274 യൂനിറ്റുകള്‍ വിറ്റു. 2018 ഓഗസ്റ്റില്‍ ഈ വാഹനങ്ങളുടെ വില്‍പ്പന 71364 യൂനിറ്റുകളായിരുന്നു. 23.9 ശതമാനം ഇടിവ്. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വില്‍പ്പന 51.28 ശതമാനം ഇടിഞ്ഞപ്പോള്‍ മറ്റൊരു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വില്‍പ്പനയും 21 ശതമാനത്തോളം ഇടിഞ്ഞു. ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റക്കും മഹീന്ദ്രക്കുമൊക്കെ ഓഗസ്റ്റിലും വന്‍തിരിച്ചടി നേരിട്ടു. ടാറ്റക്ക് 49 ശതമാനവും മഹീന്ദ്രക്ക് 26 ശതമാനവും ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്.