നടുറോഡിലൂടെ പതിയെ നീങ്ങുകയാണ് ഗാനമേളസംഘത്തിന്‍റെ തുറന്ന വാഹനം. അത്യുച്ചത്തില്‍ പാട്ടുമുഴങ്ങുന്ന വാഹനത്തിനു പിന്നാലെ റോഡ് നിറഞ്ഞ് നൃത്തം ചവിട്ടി നീങ്ങുകയാണ് ആയിരങ്ങള്‍. മിന്നിത്തിളങ്ങുന്ന ലൈറ്റ് ഷോകള്‍ക്കിടയിലൂടെ ബോളീവുഡ് സൂപ്പര്‍ഹിറ്റ് ഗാനത്തിനൊത്ത് ചാടി മറിയുകയാണ് യുവാക്കള്‍. ഒരു കാല്‍നടയാത്രക്കാരനു പോലും കടന്നു പോകാനാവാത്ത വിധം ജനം തിങ്ങി നിറഞ്ഞ റോഡ്. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ആയിരക്കണക്കിന് കാഴ്ചക്കാര്‍.

പെട്ടെന്നാണ് അത് സംഭവിച്ചത്. ഒരു ആംബുലൻസ് സൈറൺ മുഴക്കി പാഞ്ഞു വരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കാഴ്ചക്കാരായി നിന്നവരില്‍ മ്ലാനത പടര്‍ന്നു. ഈ ജനസാഗരത്തിനിടയിലൂടെ ആംബുലന്‍സ് കടന്നു പോകുന്നത് എങ്ങനെ? എന്നാല്‍ നിമിഷങ്ങള്‍ക്കകമാണ് അത് സംഭവിച്ചത്. സമുദ്രം വഴിമാറുന്നത് പോലെ നൊടിയിട കൊണ്ട് റോഡിനിരുവശത്തേക്കും രണ്ടായി പിരിയുന്ന ജനം. ആരുടെയും ആജ്ഞയില്ലാതെ ഒരു നൃത്തച്ചുവടിന്‍റെ അനായാസതയോടെ ജനം ചുവടുവച്ചപ്പോള്‍ നടുവില്‍ തെളിയുന്ന റോഡ്. അതിലൂടെ ഒരു നിമിഷം പോലും വൈകാതെ രോഗിയുമായി കുതിച്ചു പായുന്ന ആംബുലന്‍സ്.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് പൂരത്തിനിടെയാണ് സംഭവം. കണ്ടതില്‍ വച്ച് ഏറ്റവും ഹൃദ്യമായ ദൃശ്യമെന്ന തലക്കെട്ടോടെയാണ് വാട്സാപ്പിലും ഫേസ്ബുക്കിലും പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് കുതിച്ചു പായുന്ന ആംബുലൻസുകൾക്ക് മുന്നിലൂടെ വാഹനങ്ങളോടിച്ചു മാർഗതടസമുണ്ടാക്കുന്നവര്‍ ഇതൊന്ന് കാണണമെന്നും പലരും ആഹ്വാനം ചെയ്യുന്നു. 

എന്തായാലും മനുഷ്യത്വം മരിച്ചിട്ടില്ലെന്നതിനു ഒരു നാട് തന്നെ തെളിവു നല്‍കുകയാണ് ഈ വീഡിയോയിലൂടെ.