Asianet News MalayalamAsianet News Malayalam

മാസങ്ങള്‍ കാത്തിരിക്കാനും തയ്യാറെന്ന് ഉപഭോക്താക്കള്‍; ബുക്കിംഗില്‍ വന്‍ നേട്ടവുമായി മഹീന്ദ്ര ഥാര്‍

കൊവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും  വാഹനത്തിന് മികച്ച പ്രതികരണമായിരുന്നു വിപണിയില്‍ ലഭിച്ചത്. അവതരണത്തിനു മുമ്പ് തന്നെ വലിയ ജനശ്രദ്ധ ആകർഷിക്കാൻ ഥാറിനു കഴിഞ്ഞിരുന്നു. 

customers are ready to wait Mahindra Thar bookings cross
Author
New delhi, First Published Apr 14, 2021, 8:59 PM IST

2020 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ചു.  കൊവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും  വാഹനത്തിന് മികച്ച പ്രതികരണമായിരുന്നു വിപണിയില്‍ ലഭിച്ചത്. അവതരണത്തിനു മുമ്പ് തന്നെ വലിയ ജനശ്രദ്ധ ആകർഷിക്കാൻ ഥാറിനു കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ ബുക്കിംഗ് 50,000 യൂണിറ്റ് പിന്നിട്ടതായാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോർട്ട്. പതിനൊന്ന് മാസത്തോളമാണ് ഇപ്പോള്‍ ഥാറിനുള്ള ബുക്കിംഗ് പീരീഡ്. 

വേരിയന്റുകൾ അനുസരിച്ച് ഇപ്പോള്‍ പരമാവധി 46 മുതല്‍ 47 ആഴ്ച്ച വരെയാണ് കാത്തിരിപ്പുകാലം. പതിനൊന്ന് മാസം വരെ കാത്തിരിക്കേണ്ടിവരും. ഏറ്റവും കുറവ് വെയ്റ്റിംഗ് പിരീഡ് കണ്‍വെര്‍ട്ടിബിള്‍ മോഡലിനാണ്.  പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ ഹാര്‍ഡ് ടോപ്പ് ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വെയ്റ്റിംഗ് പിരീഡ്. വെയ്റ്റിംഗ് പിരീഡ് ഇത്രയധികം വര്‍ധിക്കാന്‍ കാരണം ഉയര്‍ന്ന ആവശ്യകതയും സെമികണ്ടക്ടറുകളുടെ ക്ഷാമവുമാണ്. ആഗോളതലത്തില്‍ നേരിടുന്ന സെമി കണ്ടക്ടറുകളുടെ ക്ഷാമം കാരണം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇല്ലാതെയാണ് എസ്‌യുവി ഡീലര്‍ഷിപ്പുകളിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിനായി കാത്തിരിക്കുകയാണ് ഡീലര്‍ഷിപ്പുകള്‍.

വിപണിയിലെത്തി ഒരു മാസത്തിനുള്ളിൽ ഥാര്‍ 20,000 ബുക്കിംഗുകൾ നേടിയിരുന്നു. എല്ലാ വേരിയന്‍റുകളും 2021 മെയ് വരെ വിറ്റുംപോയി. 2000 യൂണിറ്റാണ് വാഹനത്തിന്റെ പ്രതിമാസ ഉത്പാദനം. ബുക്കിങ്ങ് ഉയര്‍ന്നതോടെ ജനുവരി മാസം മുതല്‍ ഉത്പാദന ശേഷി 3000 ആയി ഉയര്‍ത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചിരുന്നു.നിലവിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്‍മിഷനുകളിലും എത്തുന്നു എന്നതാണ് ഥാറിന്റെ ഈ വരവിലെ മുഖ്യ സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.

മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട്‌ ഏറെ സാമ്യമുള്ളതാണ്. ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളിൽ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർ‌മാക്-ഓറിയന്റഡ് വേരിയന്റാണ്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്‌സ്‌ക്ലൂസീവായ ഡ്രൈവർ, പാസഞ്ചർ കംഫർട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡൽ വളരെ ഉൾക്കൊള്ളുന്നു. എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റോൾഓവർ ലഘൂകരണത്തോടുകൂടിയ ഇഎസ്‍പി, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, ബിൽറ്റ്-ഇൻ റോൾ കേജ്, ത്രീ-പോയിന്റ്, സീറ്റ് ബെൽറ്റുകൾ, പിൻ സീറ്റുകളിൽ ഐസോഫിക്സ് സീറ്റ് മൌണ്ട് തുടങ്ങിയവ വാഹനത്തിലെ സുരക്ഷാ സവിശേഷതകളാണ്.

ആഗോള സുരക്ഷാ റേറ്റിംഗ് ഏജൻസിയായ ഗ്ലോബൽ എൻ‌സി‌എപി നടത്തിയ സുരക്ഷാ പരിശോധനയിൽ അടുത്തിടെ നാല് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ഥാർ സുരക്ഷ ഉറപ്പാക്കിയിരുന്നു. ഗ്ലോബൽ എൻ‌സി‌എപിയുടെ 'സേഫ് കാർസ് ഫോർ ഇന്ത്യ' ക്രാഷ് ടെസ്റ്റുകളിൽ മഹീന്ദ്ര ഥാര്‍ 2020 മുതിർന്നവർക്കും കുട്ടികൾക്കുമായി ഫോർ സ്റ്റാർ റേറ്റിംഗുകൾ നേടി. 2020 ഥാർ സ്റ്റാൻഡേർഡായി ഇരട്ട ഫ്രന്റൽ എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ അക്വമറീൻ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, റെഡ് റേജ്, മിസ്റ്റിക് കോപ്പർ, അക്വമറീൻ ഗാലക്സി ഗ്രേ എന്നിങ്ങനെ 6 നിറങ്ങളിലാണ് ഥാര്‍ എത്തുന്നത്. വെള്ള, വെള്ളി എന്നീ രണ്ടുനിറങ്ങളില്‍ക്കൂടി വാഹനത്തെ അവതരിപ്പിക്കാന്‍ മഹീന്ദ്ര ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios