കൊച്ചി: കൊച്ചിയിലെ നിരത്തുകൾക്ക് കൗതുകമായി ട്രൈക്കർ. മൂന്ന് ചക്രമുള്ള ഹോണ്ട ഗോൾഡ്‍വിംഗ് കേരളത്തിലെത്തിച്ചത് ദുബായിയിൽ വ്യവസായിയായ ബാബു ജോൺ ആണ്. കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ച കേസിനെ തുടർന്ന് ഒരു വർഷത്തിലേറെയായി കൊച്ചി തുറമുഖത്ത് നിയമക്കുരുക്കിൽപ്പെട്ട് കിടക്കുകയായിരുന്നു ട്രൈക്കർ.

ഗജവീരന്റെ തലയെടുപ്പോടെ ട്രൈക്കർ റോഡിലൂടെ പായുന്നത് കണ്ടാൽ ആരും രണ്ടാമതൊന്ന് കൂടി നോക്കിപ്പോകും. റേഡിയോയും, മ്യൂസിക് സിസ്റ്റവും, സാധനങ്ങൾ സൂക്ഷിക്കാൻ രണ്ട് അറകളുമുൾപ്പെടെ കാറിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ട്രൈക്കറിലുള്ളത്.

ജപ്പാൻ നിർമ്മിതമായ ഈ വാഹനം അമേരിക്കയിൽ മോഡിഫൈ ചെയ്ത് കേരളത്തിലെത്തിക്കാൻ ബാബു ജോണിന് ചെലവായത് ഏകദേശം അറുപത്തിരണ്ട് ലക്ഷം രൂപയാണ്. ഒട്ടേറെ കടമ്പകൾ പിന്നിട്ടാണ് ബാബു ഇഷ്ടവാഹനം സ്വന്തം നാട്ടിൽ നിരത്തിലിറക്കിയത്. മൂന്ന് ചക്രമുള്ള ട്രൈക്കർ കേരളത്തിൽ ആദ്യമാണെന്നാണ് ബാബുവിന്റെ അവകാശവാദം. കുണ്ടും കുഴിയും നിറഞ്ഞ കൊച്ചിയിലെ റോഡിൽ വാഹനമോടിച്ചതിന്റെ അനുഭവവും ദുബായിലെ നിരത്തുകളില്‍ നിന്ന് ഏറെ ഭിന്നമാണെന്നാണ് ബാബു പറയുന്നത്. 

42 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി നൽകണമെന്ന് പറഞ്ഞതോടെ കമ്മിഷണർക്ക് അപ്പീൽ നൽകിയെങ്കിലും അത് തള്ളിപ്പോയിരുന്നു. ഇതിനെ തുടര്‍ന്ന് ബെംഗളൂരു അപ്പലേറ്റ് കോടതിയിൽ നിന്ന് ഡ്യൂട്ടി 24 ലക്ഷം രൂപയായി കുറച്ചതോടെയാണ് ബൈക്ക് പുറം ലോകം കണ്ടത്. 10,000 രൂപ അടച്ചാണ് ട്രൈക്കറിന് താൽക്കാലിക റജിസ്ട്രേഷൻ എടുത്തത്. 

ബൈക്ക് കസ്റ്റമൈസേഷൻ നടത്തിയാണ് മൂന്നു ചക്രങ്ങളുള്ള മോഡലാക്കി മാറ്റിയത്. 1800 സിസി ലിക്വഡ് കൂൾഡ് എൻജിനാണ് ട്രൈക്കറിലുള്ളത്. 125 ബിഎച്ച്പിയാണ് കരുത്ത്. ഗീയറുകൾക്കു പുറമെ റിവേഴ്സ് ഗീയറും വാഹനത്തിനുണ്ട്. 379 കിലോയാണ് ട്രൈക്കറിന്‍റെ ഭാരം.