ടിബറ്റന്‍ ആത്മീയാചാര്യൻ ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാൻഡ് റോവർ എസ്‍യുവി ലേലത്തിന്. 1966 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തില്‍ ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍ സീരീസ് ഐഐഎ എന്ന വാഹനമാണ് ഇപ്പോള്‍ ലേലത്തിനെത്തുന്നത്.  1966 ൽ ഇംഗ്ലണ്ടിലെ ലാൻഡ് റോവർ കമ്പനിയിൽ നേരിട്ടെത്തി സ്വന്തമാക്കിയ ഈ വാഹനത്തിലായിരുന്നു ടിബറ്റിനെ ചൈന ആക്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ധര്‍മ്മശാലയിലേക്കുള്ള ദലൈലാമയും പാലായനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബ്രിട്ടണിലെ ലാന്‍ഡ് റോവര്‍ പ്ലാന്റിലെത്തിയാണ് ദലൈ ലാമ ഈ വാഹനം സ്വന്തമാക്കിയത്. ഫാക്ടറിയിലെ അസംബ്ലി ലൈനില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും ആര്‍ക്കേവുകളിലുണ്ട്.  10 വര്‍ഷമാണ് അദ്ദേഹം ഈ വാഹനം ഉപയോഗിച്ചത്. 1976ല്‍ കൈമാറ്റം ചെയ്യപ്പെട്ട വാഹനത്തെക്കുറിച്ച്  പിന്നീട് വളരെക്കാലം വിവരമൊന്നുമില്ലായിരുന്നു. 

2005ൽ ലോസ് ആഞ്ചലസിലെ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ റീസ്റ്റോറേഷന് എത്തിയതോടെ ഈ എസ്‌യുവി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഏകദേശം 1.10 ലക്ഷം കിലോമീറ്റര്‍ ഓടിയെന്നാണ് അപ്പോള്‍ വാഹനത്തിന്‍റെ മീറ്ററിലുണ്ടായിരുന്നത്. അപ്പോഴും കരുത്തുചോരാത്ത ഷാസി വാഹനത്തെ ശ്രദ്ധേയമാക്കി. ഒരുവര്‍ഷമെടുത്ത് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ വാഹനം 2007 ൽ 82100 ഡോളറിന് (ഏകദേശം 56 ലക്ഷം രൂപ) ലേലത്തിൽ വിറ്റിരുന്നു.  

ലോകത്തിലെ ക്ലാസിക് വാഹനങ്ങളിലൊന്നായാണ് ലാൻഡ് റോവർ 2 എ കണക്കാക്കുന്നത്. 2.25 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എന്‍ജിനിലായിരുന്നു ഈ വാഹനം പുറത്തിറങ്ങിയിരുന്നത്. 67 ബിഎച്ച്പി കരുത്തും 157 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഏതു ദുർഘട പാതകളിലൂടെയും ദീര്‍ഘദൂരം കേടുപാടുകളും പ്രശ്‌നങ്ങളുമൊന്നുമില്ലാതെ അനായാസം സഞ്ചരിക്കാനാവും എന്നതാണ് ഈ ഓഫ് റോഡറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ ആയിരുന്നതിനാല്‍ ഏത് മലനിരകളും അനായാസം കീഴടക്കാനും ഈ വാഹനത്തിനു കഴിഞ്ഞിരുന്നു. 1961 -ല്‍ സീരീസി II -ന്റെ ഉത്പാദനം നിര്‍മ്മാതാക്കള്‍ നിര്‍ത്തിയതോടെയാണ് സീരീസ് IIA പുറത്തിറങ്ങുന്നത്. 1971 വരെ ഉത്പാദനമുണ്ടായിരുന്ന സീരീസ് IIAക്ക് സീരീസ് III ആണ് പകരം വന്നത്. 

ഇന്ത്യയിലെ നിരത്തുകളില്‍ മാത്രമല്ല, അതിര്‍ത്തി രാജ്യമായ നേപ്പാളിലേക്കുള്ള ദലൈ ലാമയുടെ യാത്രകളും ഈ ലാന്‍ഡ് റോവറിലായിരുന്നു. ഹിമാലയന്‍ മലനിരകള്‍ അനായാസം കീഴടക്കിയ ഈ വാഹനം  ഒരിക്കല്‍ പോലും അദ്ദേഹം ഓടിച്ചിട്ടില്ല. പക്ഷേ യാത്രകള്‍ മുഴുവല്‍ ഈ വാഹനത്തില്‍ തന്നെ ആയിരുന്നു.

ഓഗസ്റ്റ് 29-നാണ് ഈ വാഹനത്തിന്‍റെ ലേലം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 100000 ഡോളർ മുതൽ 150000 ഡോളർ വരെ (ഏകദേശം 70 ലക്ഷം രൂപ മുതല്‍ 1.2 കോടി രൂപ വരെ) യാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.