യൂടൂബില്‍ ഉള്‍പ്പെടെ വൈറലായ ഡാൻസിംഗ് കാർ എന്നറിയപ്പെടുന്ന മഹീന്ദ്ര സ്കോർപിയോയെ ഒടുവില്‍  പൊലീസ് പിടിച്ചെടുത്തു. ദില്ലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഈ ഫ്രീക്കന്‍ സ്‍കോര്‍പിയോയെ ഗാസിയാബാദ് പൊലീസാണ് പിടികൂടിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹന ഉടമയ്ക്ക് 41,500 രൂപ പിഴയും പൊലീസ് നൽകിയിട്ടുണ്ട്. 

ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു നിരത്തിലൂടെ ഡാന്‍സ് കളിച്ച് പോകുന്ന ഈ വാഹനം. ഗാസിയാബാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ കുറേക്കാലങ്ങളായി നിറസാനിധ്യമായിരുന്ന ഈ വാഹനത്തിൽ ഉച്ചത്തിലുള്ള സംഗീതം ഉപയോഗിച്ച് പൊതുറോഡുകളിൽ സ്റ്റണ്ടുകൾ നടത്തുകയായിരുന്നു പതിവ്. 

ഈ സ്കോർപിയോ പൂർണ്ണമായും പരിഷ്‌ക്കരിച്ച നിലയിലായിരുന്നു. വാഹനത്തിന്റെ സസ്‌പെൻഷൻ ട്യൂൺ ചെയ്‌ത ശേഷം ബ്രേക്കും ആക്‌സിലറേറ്ററും ഉപയോഗിച്ച് കാറിനെ ഡാന്‍സിംഗ് രീതിയില്‍ ചാടിക്കുകയായിരുന്നു. ഉച്ചത്തിലുള്ള സംഗീതത്തിനൊപ്പമുള്ള ഈ ജമ്പിഗ് കാറിന് ഒരു നൃത്ത കാറിന്റെ പ്രതീതി നൽകി. ഈ വാഹനം വിവാഹങ്ങൾക്കും മറ്റു ആഘോഷ ചടങ്ങുകൾക്കും വാടകയ്ക്കും നൽകിയതായി പൊലീസ് പറയുന്നു. സമയവും സ്ഥലവും അനുസരിച്ച് 15,000 മുതൽ 20,000 രൂപ വരെയായിരുന്നു നിരക്ക്. കണ്ടാല്‍ തിരിച്ചറിയാത്ത മോഡിഫിക്കേഷനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദമുള്ള മ്യൂസിക് സിസ്റ്റവുമായി പരിപാടികളിൽ വാഹനത്തെ ഡാന്‍സ് ചെയ്യിക്കുകയായിരുന്നു രീതി.

കറുപ്പാണ് ഈ വാഹനത്തിന്റെ നിറമെങ്കിലും ബോണറ്റിലും വശങ്ങളിലും മഞ്ഞ നിറം നല്‍കിയിട്ടുണ്ട്. ഓഫ് റോഡ് വാഹനങ്ങളിലേതിന് സമാനമായ ബംമ്പര്‍, അലോയി വീല്‍, വലിയ ലൈറ്റുകള്‍, ക്രാഷ് ഗാര്‍ഡ് തുടങ്ങി നിരോധിച്ചിട്ടുള്ള പല വസ്തുകളും ഉപയോഗിച്ചാണ് ഈ വാഹനം അലങ്കരിച്ചിരിക്കുന്നത്.  മൂന്നാം നിരയിലെ സീറ്റുകള്‍ മടക്കിവെച്ച് വലിയ സൗണ്ട് സിസ്റ്റമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇത് അനുവദിച്ചിട്ടുള്ളതിലും അധികം ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ഇതിനുപുറമെ, ഡാന്‍സ് ഫ്‌ളോറിന് സമാനമായി എല്‍.ഇ.ഡി. ലൈറ്റുകളും ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്. 

നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഒടുവില്‍ പൊലീസിന്‍റെ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതി ലഭിച്ചതിനെ തുടർന്ന് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഈ വാഹനം പിടിച്ചെടുത്തത്. മോഡിഫിക്കേഷന്‍, ശബ്‍ദമലിനീകരണം തുടങ്ങി എട്ടോളം വകുപ്പുകള്‍ ചേര്‍ത്ത് 41,500 രൂപയാണ് പോലീസ് ഈ വാഹനത്തിന് പിഴയിട്ടത്. മാത്രമല്ല വാഹനത്തിന്റെ രേഖകളിൽ പലതും കാണാനില്ലെന്നും പൊലീസ് കണ്ടെത്തി.  

അതേസമയം ഈ പ്രദേശത്തെ ഒരു ഡാന്‍സിംഗ് കാര്‍ മാത്രമല്ല ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹങ്ങൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും വാടകയ്‍ക്ക് നല്‍കുന്നതിനായി വാഹനങ്ങൾ പരിഷ്‌ക്കരിച്ച നിരവധി ഉടമകള്‍ ഈ പ്രദേശങ്ഹളില്‍ ഉണ്ടെന്നാണ് വിവരം. 

ഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെടുന്ന ഏത് തരത്തിലുള്ള മോഡിഫിക്കേഷനുകളും ഇന്ത്യയിൽ നിയമവിരുദ്ധമാണ്. ഇത്തരം മോഡിഫിക്കേഷനുകള്‍ വാഹനത്തിന്റെ ഘടനാപരമായ സമഗ്രതയെ ബാധിക്കുകയും സുരക്ഷിതമല്ലാത്തതാക്കുകയും ചെയ്യുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഈ ഉത്തരവ്. കൂടാതെ കാൽനടയാത്രക്കാരുടെ ജീവനും ഇത്തരം മോഡിഫൈഡ് വാഹനങ്ങള്‍ ഭീഷണിയാണെന്നും പൊലീസ് പറയുന്നു.