ഐക്കണിക്ക് അമേരിക്കന്‍ കമ്പനിയായ ഫോർഡ് തങ്ങളുടെ പഴയ പടക്കുതിര ബ്രോൻകോയെ അടുത്തിടെയാണ് വിപണിയില്‍ തിരികെ എത്തിച്ചത്. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ വാഹനത്തിന് അമേരിക്കന്‍ വാഹനവിപണിയിൽ ഇപ്പോൾ വന്‍ ഡിമാന്‍ഡാണ്. അതുകൊണ്ടുതന്നെ ബുക്ക് ചെയ്‍ത് മാസങ്ങളോളം കാത്തിരുന്നാല്‍ മാത്രമേ പുത്തന്‍ ബ്രോങ്കോ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ ബുക്ക് ചെയ്‍ത് ഫോർഡ് ബ്രോങ്കോ സ്വന്തമാക്കിയ ഒരു ഉടമയ്ക്കുണ്ടായ കൌതുകകരമായ അനുഭവത്തെക്കുറിച്ചാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആദം സിഡോറ്റി എന്ന അമേരിക്കക്കാരനാണ് ആ ഉടമ. ബ്രോങ്കോയ്ക്കായി ഡൗൺപേയ്മെന്റ് അടയ്ക്കാനായി ആദം തന്റെ 2015 മോഡൽ ഫോക്‌സ്‌വാഗൺ ജെറ്റ വിറ്റിരുന്നു. തുടര്‍ന്ന് ഫ്ലോറിഡയിലെ ഫോര്‍ഡ് ഡീലര്‍ഷിപ്പില്‍ നിന്നും 2020 ഡിസംബര്‍ 22-ന് അദേഹം പുത്തൻ ബ്രോങ്കോ സ്വന്തവുമാക്കി. എന്നാൽ, ഡീലർഷിപ്പിൽ നിന്നും അടുത്ത ദിവസം തന്നെ അദ്ദേഹത്തിന് വിളി വന്നു. സ്വന്തമാക്കിയ ബ്രോങ്കോ ഉടൻ തിരിച്ചു നല്‍കണം എന്നായിരുന്നു ഡീലറുടെ ആവശ്യം. കാരണം ഡീലർഷിപ്പിൽ ഡിസ്‌പ്ലേയ്ക്കായി കൊണ്ടുവന്ന മോഡൽ ആയിരുന്നു ആദത്തിന് വിറ്റതത്രെ. അബദ്ധത്തിൽ ഇങ്ങനെ സംഭവിച്ചതാണെന്നും വണ്ടി ഉടന്‍ തിരിച്ചു നല്‍കണമെന്നുമായിരുന്നു അവർ അറിയിച്ചത്. ഡിസ്‌പ്ലേയ്ക്കായി വരുന്ന മോഡൽ ഫോർഡ് ഡീലർഷിപ്പ് നാലു മാസമെങ്കിലും സൂക്ഷിക്കണമെന്നും പിന്നീടുമാത്രമേ വിൽക്കാൻ പാടുള്ളൂ എന്നുമാണ് നിയമമെന്നും ഡീലര്ഷിപ്പ് പറഞ്ഞു. എന്നാൽ, ഒരുകാരണവശാലും വാഹനം തിരികെ ഏൽപ്പിക്കാൻ താന്‍ തയ്യാറല്ലെന്ന് ആദം വ്യക്തമാക്കി. കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫോർഡിന്‍റെ കസ്റ്റമർ കെയറിലേക്ക് അദ്ദേഹം ഒരു മെയിലും അയച്ചു. 

എല്ലാവിധ നടപടിക്രമങ്ങളും പൂർത്തിയാക്കി താൻ വാങ്ങിയ വാഹനമാണിതെന്ന് അദ്ദേഹം മെയിലിൽ വ്യക്തമാക്കി. പ്രാദേശിക ന്യൂസ് ചാനലില്‍ വാര്‍ത്തയും വന്നു. ഇതോടെ ഫോർഡിൽ നിന്നും ആദത്തിന് മറുപടി കിട്ടി, 'കാർ തിരികെ ഏല്‍പ്പിക്കേണ്ട, നിങ്ങള്‍ക്ക് സ്വന്തം' എന്നായിരുന്നു ആ മറുപടി. എന്തായാലും ആദം ഹാപ്പിയുമായി. 

നീണ്ട 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫോര്‍ഡിന്റെ ഈ ഐതിഹാസിക മോഡലിന്‍റെ തിരിച്ചുവരവ്. 1966ലാണ് ബ്രോൻകോയെ ഫോർഡ് ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് 1978ൽ ഫോർഡ് എഫ്-സീരീസ് ട്രക്ക് പ്ലാറ്റ്ഫോമിന്‍റെ ഭാഗമായി ബ്രോൻകോ മാറി. വര്‍ഷങ്ങളോളം ജനപ്രിയ വാഹനങ്ങളുടെ പട്ടികയായിലായിരുന്നു ബ്രോങ്കോയുടെ സ്ഥാനം. എന്നാല്‍ 1996ല്‍ മോഡലിന്‍റെ നിര്‍മ്മാണം ഫോര്‍ഡ് അവസാനിപ്പിച്ചു. ബ്രോന്‍കോയുമായി തിരിച്ചെത്തുമെന്ന് 2017 ജനുവരിയില്‍ ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നിരവധി തവണ ടീസര്‍ ചിത്രങ്ങളും പുറത്തുവന്നു. 24 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ ആഗോള വിപണിയില്‍ ഫോര്‍ഡ് ഇക്കോസ്‌പോട്ടിനും എസ്‌കോപിനും ഇടയിലാണ് ബ്രോന്‍കോയുടെ സ്ഥാനം.

ബേസ് മോഡല്‍, ബിഗ് ബെന്റ്, ഔട്ടര്‍ ബാങ്ക്‌സ്, ബാഡ്‌ലാന്‍ഡ്‌സ്, ഫസ്റ്റ് എഡീഷന്‍ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് പുത്തന്‍ ബ്രോന്‍കോ എത്തുക.  4X4 അടിസ്ഥാന ഫീച്ചറാണ്. ഫോര്‍ഡിന്റെ ഫോക്കസ് ഹാച്ച്ബാക്കിന് അടിസ്ഥാനമൊരുക്കുന്ന മോഡുലാന്‍ ഫ്രെണ്ട് വീല്‍ ഡ്രൈവ് പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പാണ് ബ്രോന്‍കോയുടെ അടിസ്ഥാനം. 4386 എംഎം നീളവും 2670 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്.

ബോക്‌സി ഡിസൈനിലാണ് ബ്രോന്‍കോ ഒരുങ്ങിയിട്ടുള്ളത്. ബ്രോന്‍കോ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ഗ്രില്ല്, എല്‍ഇഡി ലൈറ്റ് ബാറുകളും പ്രൊജക്ഷന്‍ ലൈറ്റുമുള്ള ഹെഡ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള മസ്‌കുലര്‍ ബംമ്പര്‍ എന്നിവ മുന്‍വശത്തെയും എല്‍ഇഡി ടെയ്ല്‍ലൈറ്റും ബ്രോന്‍കോ ബാഡ്ജിങ്ങും ഓഫ് റോഡ് വാഹങ്ങള്‍ക്കിണങ്ങുന്ന ബംമ്പര്‍ പിന്‍വശത്തെയും അകര്‍ഷകമാക്കും. ബ്ലാക്ക് ഫിനീഷിങ്ങ് നല്‍കിയിട്ടുള്ള ബി, സി പില്ലറുകലും, ബ്ലാക്ക് റൂഫില്‍ നല്‍കിയിട്ടുള്ള വലിയ റൂഫ് റെയിലും, പ്ലാസ്റ്റിക് ക്ലാഡിങ്ങും, വീല്‍ ആര്‍ച്ചും, ഓഫ് റോഡ് മോഡലില്‍ നല്‍കുന്ന 29 ഇഞ്ച് വീലും റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 18 ഇഞ്ച് അലോയീ വീലുമാണ് ഈ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നത്.

ആപ്പിള്‍ കാര്‍പ്ലേ-ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലുള്ളത്. മസ്താങ്ങില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട സ്റ്റിയറിങ്ങ് വീല്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ നോബ്,, ലെതര്‍ ആവരണമുള്ള സീറ്റുകള്‍ എന്നിവയാണ് ഫോര്‍ഡ് ബ്രോന്‍കോയുടെ ഇന്റീരിയറിലുള്ളത്.

2.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനാണ് ബ്രോന്‍കോ സ്‌പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത്. ഇത് 245 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കുമേകും. അതേസമയം, 181 ബിഎച്ച്പി പവറും 258 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിനാണ് എന്‍ട്രി ലെവന്‍ ബ്രോന്‍കോയിലുള്ളത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇരു മോഡലിലേയും ട്രാന്‍സ്മിഷന്‍. ജീപ്പ് കോംപസ് ആണ് ഓഫ് റോഡുകള്‍ ഉള്‍പ്പെടെ ഏത് പ്രതലത്തിനും ഇണങ്ങുന്ന ബ്രോന്‍കോയുടെ മുഖ്യ എതിരാളി.