ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ 2021മാർച്ച് 23 ന് സമ്പൂർണ ഇലക്ട്രിക്  എസ് യു വിയായ ജാഗ്വാർ ഐ പേസിനെ വിപണിയിലെത്തിക്കുകയാണ്. വാഹനത്തെ സ്വാഗതം ചെയ്യാൻ റീട്ടെയിലർ ഔട്ട് ലെറ്റുകൾ ഒരുങ്ങിക്കഴിഞ്ഞതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജാഗ്വാർഐ പേസിന്‍റെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞതായും കമ്പനി അറിയിച്ചു.  

19 നഗരങ്ങളിലായി 22 ഔട്ട് ലെറ്റുകൾ വിൽപ്പന വിൽപ്പനാനന്തര സേവനങ്ങൾ  ഇലക്ട്രിക്  വാഹനത്തിന്  വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കികഴിഞ്ഞിട്ടുണ്ട്. നിലവിൽ ജാഗ്വാർ ലാൻറ് റോവർ റീട്ടെയിലർമാർ ചാർജിങ് സൗകര്യം മെട്രോസിറ്റികളെ കേന്ദ്രീകരിച്ച് വലിയ തോതിൽ തന്നെ ഒരുക്കിയിരിക്കുന്നു. റീട്ടെയിൽ ജീവനക്കാർക്ക് ഇലക്ട്രിക് വാഹന സേവനങ്ങളെക്കുറിച്ച് ആഴത്തിലുള്ള പരിശീലനവും ജാഗ്വാർ ലാൻറ് റോവർ നൽകിയിരിക്കുന്നു. ഇത് വഴി ജീവനക്കാർക്ക് ഉപഭോക്താക്കളുടെ ഏത് സംശയവും ആവശ്യവും പരിഹരിക്കുന്നതിന് സാധിക്കുകയും ചെയ്യും.  

ഇലക്ട്രിക്ക് വാഹനം കേവലം യാത്രയ്ക്കുള്ള ഉപാധി മാത്രമല്ലെന്നും വാഹനം സ്വന്തമാക്കുന്നത് ഉടമയ്ക്ക് പുത്തൻ അനുഭവം നൽകുന്നതായിരിക്കുമെന്നും ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ രോഹിത് ഷൂരി പറഞ്ഞു.  ഇലക്ട്രിക് വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക്  സേവനം അനായസമായി ലഭിക്കുന്നതിന് റീട്ടെയിലർമാരുമായി ചേർന്ന് ഇടതടവില്ലാതെ പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

35 ലേറെ  ചാർജറുകൾ നിലവിൽ ഇന്ത്യൻ നഗരങ്ങളിൽ സ്ഥാപിച്ച് കഴിഞ്ഞൂ. കൂടുതൽ ചാർജറുകൾ കൂടി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത് കൂടാതെ ജാഗ്വാർ ലാൻറ് റോവർ ഐ പേസ് വാഹനങ്ങൾ ടാറ്റ പവേർസ് ചാർജ് നെറ്റ് വർക്ക് ഉപയോഗിച്ച് ചാർജ് ചെയ്യാനുമാകും.  രാജ്യത്ത് 200ലേറെ ചാർജിങ് പോയിൻറുകളാണ് ടാറ്റയുടെ ശൃംഖലയിലുള്ളത്.. മാളുകൾ, റസ്റ്ററൻറുകൾ, ഓഫീസുകൾ, റസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ചാർജിങ് പോയിൻറുകൾ ഹൈവേകളിൽ സജ്ജമാക്കിയിട്ടുള്ളത്. വീടുകളിൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യത്തിന് പുറമെയാണിത്.  വീടുകളിൽ ചാർജ് ചെയ്യുന്നതിന് വേണ്ടി കേബിളോടു കൂടി 7.4 കെഡബ്ലിയു എസി  ചാർജറാണ് ലഭ്യമാക്കുന്നത്.