Asianet News MalayalamAsianet News Malayalam

വാഹന മാമാങ്കത്തിന് തുടക്കം, ആകാംക്ഷയില്‍ വാഹനലോകം

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 15-ാം പതിപ്പിന് ഗ്രേറ്റർ നോയിഡയിൽ തുടക്കം

Delhi auto expo 2020 begins
Author
Greater Noida, First Published Feb 5, 2020, 2:38 PM IST

ദില്ലി: രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 15-ാം പതിപ്പിന് ദില്ലി ഗ്രേറ്റർ നോയിഡയിൽ തുടക്കം. ഇന്നും നാളെയും പൊതുജനങ്ങൾക്കു പ്രവേശനമില്ല. ഫെബ്രുവരി ഏഴു മുതലാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം. മേള 12 ന് സമാപിക്കും. ഓട്ടോമോട്ടീവ് കോമ്പണന്റസ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്.  

എന്‍റർപ്രൈസ് ഡേ, ഗുഡ്‌വിൽ ഡേ, ഫാമിലി ഡേ, വിമൻ പവർ ഡേ, ഗ്രീൻ ഡേ, ഡ്രൈവിംഗ് എക്സ്പീരിയൻസ് ഡേ എന്നിങ്ങനെ ആറ് ദിവസങ്ങളിലായി ആറ് പ്രത്യേക ആശയങ്ങൾ അനുസരിച്ചാവും ഓട്ടോ എക്‌സ്‌പോ 2020 നടക്കുക. 2020 ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി 6 -ന് തിരശ്ശീല ഉയരും. ഏഴാം തീയതി (എന്റർപ്രൈസ് ദിനം) രാവിലെ 11 മുതൽ വൈകുന്നേരം 7 വരെ സന്ദർശകർക്കായി ഇത് തുറന്നിരിക്കും. 8 മുതൽ 12 വരെ പൊതു സന്ദർശന ദിവസമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8 വരെ എക്സ്പോ തുറന്നിരിക്കും. ഷോയിലേക്കുള്ള ടിക്കറ്റുകൾ പ്രദര്‍ശന നഗരി, ബുക്ക് മൈഷോ, ദില്ലി NCR -ലെ തെരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും ലഭിക്കും. 

നിരവധി വാഹന നിര്‍മാതാക്കളും മറ്റ് സ്ഥാപനങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കും. ലോകത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളുടെ കാറുകള്‍, ബൈക്കുകള്‍, ബസുകള്‍, ട്രക്കുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പുത്തന്‍ ആശയങ്ങളും 2020 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും. പല കമ്പനികളുടെയും പുത്തന്‍ മോഡലുകളുടെ അവതരണം ഓട്ടോ എക്സ്പോയ്ക്ക് ഉണ്ടാകും. നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കപ്പെടും എന്നുള്ളതാണ് ഇത്തവണത്തെ ഓട്ടോ എക്സ്പോയുടെ മറ്റൊരു പ്രത്യേകത.

പെട്രോൾ–ഡീസൽ മോഡലുകൾക്കൊപ്പം മിക്ക കമ്പനികളും വൈദ്യുത മോഡലുകളും പ്രദർശിപ്പിക്കും. ഇന്റർനെറ്റ്–അധിഷ്ഠിത കണക്ടിവിറ്റി സംവിധാനങ്ങളും മുഖ്യ വിഷയമാണ്. മാരുതി സുസുകി, മെഴ്സിഡീസ് ബെൻസ്, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, എംജി മോട്ടർ, റെനോ, കിയ, മഹീന്ദ്ര, ഫോക്സ്‌വാഗൻ, സ്കോഡ എന്നീ കാർ നിർമാതാക്കൾ ഇന്ന് ഉൽപന്ന അവതരണം നടത്തും. ഗ്രേറ്റ് വാൾ, എഫ്എ‍ഡബ്ല്യു എന്നീ ചൈനീസ് കാർ കമ്പനികളുടെ ഇന്ത്യൻ പ്രവേശനത്തിനും ഓട്ടോഎക്സ്പോ സാക്ഷ്യം വഹിക്കും.  

2,35,000 ചതുരശ്ര മീറ്ററിൽ പരന്നു കിടക്കുന്ന പ്രദർശന മൈതാനത്ത് 51,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഇൻഡോർ ഏരിയയാണ് 2020 ഓട്ടോ എക്സ്പോക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. എക്‌സ്‌പോ വേദിയില്‍ അറുപതോളം പുതിയ വാഹന മോഡലുകളുടെ വിപണി അവതരണമോ അനാവരണമോ നടന്നേക്കും. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ മോഡലുകളും ബിഎസ് 6 പാലിക്കുന്നതും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായിരിക്കും.

മലിനീകരണ വിമുക്തവും, സുരക്ഷിതം, കണക്റ്റഡുമായ ഗതാഗത മാർഗ്ഗങ്ങൾ ഈ പ്രവിശ്യത്തെ മേളയെ വ്യത്യസ്തമാക്കും. വൈദ്യുത വാഹനങ്ങള്‍, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ, വിപ്ലവകരമായ സാങ്കേതികവിദ്യകൾ എന്നിവയെല്ലാം ഇത്തവണ മേളയിൽ കാണാം. ഇവയിൽ നല്ലൊരു ഭാഗം ബി‌എസ് 6 കംപ്ലയിന്റ് മാസ്-മാർക്കറ്റ് പാസഞ്ചർ വാഹനങ്ങളായിരിക്കും. നിരവധി ഓട്ടോമോട്ടീവ് സ്റ്റാർട്ടപ്പുകൾ മേളയിൽ മാറ്റുരക്കുന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.

എന്നാല്‍ ഇത്തവണ പല വാഹന ബ്രാന്‍ഡുകളും ഓട്ടോ എസ്‌പോയില്‍ പങ്കെടുക്കുന്നില്ല.  ഫോര്‍ഡ്, നിസാന്‍, ജീപ്പ്, ഔഡി, ബിഎംഡബ്ല്യു, ടൊയോട്ട, ഹോണ്ട, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹാര്‍ലി ഡേവിഡ്‌സണ്‍, ജീപ്പ് തുടങ്ങിയ വാഹന നിര്‍മാതാക്കളാണ് 2020 ഓട്ടോ എക്‌സ്‌പോയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.  ഇരുചക്ര വാഹന നിർമാതാക്കളിൽ സുസുകി മോട്ടർസൈക്കിൾസും പിയാജിയോയും ഒഴികെ പെട്രോൾ വാഹനക്കമ്പനികളൊന്നും പങ്കെടുക്കുന്നില്ല. ഹീറോ ഇലക്ട്രിക് ഉൾപ്പെടെയുള്ള വൈദ്യുത ടൂ വീലർ കമ്പനികള്‍ പങ്കെടുക്കും.  

വിപണിയിലെ മാന്ദ്യമാണ് പല കാർ കമ്പനികളെയും എക്സ്പോയിൽനിന്നു മാറിനിൽക്കാൻ പ്രേരിപ്പിച്ചത്. മേളയിലെ ഊന്നൽ കാറുകൾക്കായതിനാൽ പങ്കെടുക്കേണ്ടെന്നാണ് പ്രമുഖ ഇരുചക്ര വാഹനനിർമാതാക്കളുടെ പക്ഷം. ഹീറോ, ഹോണ്ട, റോയൽ എൻഫീൽഡ്, യമഹ, ബജാജ് തുടങ്ങിയവരൊന്നും ഓട്ടോഎക്സ്പോയ്ക്കില്ല.  എന്നാല്‍ അതൊന്നും മോട്ടോര്‍ ഷോയുടെ വിജയത്തെ ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സിയാം.

Follow Us:
Download App:
  • android
  • ios