രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോക്ക് വീണ്ടും അരങ്ങുണരുന്നു. 2020 ഫെബ്രുവരി ഏഴു മുതല്‍ 12 വരെയാണ് അടുത്ത മേള.  ഓട്ടോമോട്ടീവ് കോമ്പണന്റസ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്.  

ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ അരങ്ങേറുന്ന മേളയില്‍ പുതിയ വാഹനങ്ങളുടെ ഡിസൈന്‍, മോഡലുകള്‍, നൂതന പരിഷ്‌ക്കാരങ്ങള്‍ തുടങ്ങി വാഹന സംബന്ധമായ വിശാല എക്‌സിബിഷന്‍ നടക്കും. ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുതുതലമുറ മോഡലുകളും പുത്തന്‍ ആശയങ്ങളുമൊക്കെ മേളയുടെ ഭാഗമാകും. രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ പുതിയ ഇലക്ട്രിക് മോഡലുകളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം മറ്റ് വമ്പന്‍ കമ്പനികളും മേളയിലെത്തും. മേളയില്‍ പങ്കെടുക്കുന്ന കൂടുതല്‍ വാഹന നിര്‍മ്മാതാക്കളുടെ വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം.