Asianet News MalayalamAsianet News Malayalam

ബസിലെ സീറ്റുകള്‍ ആര്‍ക്കൊക്കെ? ഇതാ അറിയേണ്ടതെല്ലാം!

ജനറൽ സീറ്റിൽ സ്ത്രീയുടെ ഒപ്പം പുരുഷന്മാര്‍ക്കും ഇരിക്കാമോ? സ്ത്രീകളുടെ സംവരണ സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാമോ? ഏതൊക്കെയാണ് സംവരണ സീറ്റുകള്‍? സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടോ? ഈ സീറ്റുകളില്‍ ഇരുന്നാല്‍ എന്താണ് ശിക്ഷ? ഇതാ അറിയേണ്ടതെല്ലാം

Details Of Seat Priority In Buses
Author
Trivandrum, First Published Jun 28, 2019, 12:51 PM IST

ബസിലെ ജനറല്‍ സീറ്റില്‍ ഒപ്പമിരുന്ന ഭിന്നശേഷിക്കാരനായ സഹയാത്രികനെതിരെയുള്ള സ്‍ത്രീയുടെ പരാതി വലിയ വിവാദമായിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം നടന്നതും അടുത്തിടെയാണ്. എന്നാൽ എന്താണ് ശരി? ജനറൽ സീറ്റിൽ സ്ത്രീയുടെ ഒപ്പം പുരുഷന്മാര്‍ക്കും ഇരിക്കാമോ? സ്ത്രീകളുടെ സംവരണ സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാമോ? ഏതൊക്കെയാണ് സംവരണ സീറ്റുകള്‍? ഈ സീറ്റുകളില്‍ ഇരുന്നാല്‍ എന്താണ് ശിക്ഷ? ഇതാ അറിയേണ്ടതെല്ലാം.

Details Of Seat Priority In Buses

ഇരിക്കാം, പക്ഷേ...
ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് ഇരുന്ന് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം. കെ.എസ്.ആര്‍.ടി.സി ഉൾപ്പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംവരണം ചെയ്‍തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാം. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ്. 

Details Of Seat Priority In Buses

പുരുഷന് മാത്രമല്ല ജനറൽ സീറ്റ് 
ജനറൽ സീറ്റ് പുരുഷന്മാർക്കു മാത്രമുള്ളതാണ് എന്ന അവകാശവാദം പലരും ഉന്നയിക്കാറുണ്ട്. എന്നാൽ ആ സീറ്റുകളിൽ സ്ത്രീകൾ ഉള്‍പ്പെടെ എല്ലാവർക്കും അവകാശമുണ്ട്. ജനറൽ സീറ്റിൽ ആളില്ലെങ്കിൽ ആർക്കു വേണമെങ്കിലും ഇരിക്കാം. തൊട്ടുത്ത് സ്ത്രീ ഇരിക്കുകയാണെങ്കിൽ അവർക്ക് പുരഷന്മാരോട് എഴുന്നേൽക്കണം എന്നു പറയാനാകില്ല. ഏതെങ്കിലും തരത്തിലുള്ള ശല്യപ്പെടുത്തലുണ്ടായാൽ കണ്ടക്ടറോട് പറയുക. കണ്ടക്ടർക്ക് ഇയാളെ മാറ്റാന്‍ സാധിക്കും.

സ്ത്രീകള്‍ സംവരണ സീറ്റിലിരുന്നാല്‍...
സ്ത്രീകളുടെ സീറ്റിലിരിക്കുന്ന പുരുഷൻമാരുടെ മാത്രമല്ല, അംഗപരിമതര്‍ക്ക് ഉള്‍പ്പെടെയുള്ള സംവരണം ചെയ്ത സീറ്റുകളിലിരുന്നാൽ സ്ത്രീകള്‍ക്കും പണികിട്ടും. ഇരുന്നാൽ കുഴപ്പമില്ല, സീറ്റിന് അർഹതയുള്ളവർ വരുമ്പോൾ എഴുന്നേറ്റുകൊടുക്കണമെന്നു മാത്രം. 

Details Of Seat Priority In Buses

ശിക്ഷ
ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്‍താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകും. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെ

  • ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക് (ആകെ സീറ്റില്‍ രണ്ടെണ്ണം)
  • 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10% സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്)
  • NB - ലിമിറ്റഡ് സ്റ്റോപ് ,ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി എന്നിവയ്ക്ക് മുകളിലുള്ള മറ്റു ക്ലാസുകളിൽ ഇവർക്ക് 5 % മാത്രമാണ് റിസർവേഷൻ (ഓൺലൈൻ റിസർവേഷൻ ഉള്ള വാഹനങ്ങൾക്ക് ഇതും ബാധകമല്ല)
  • 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 1 സീറ്റ് ഗർഭിണികൾ)
  • 5 % സീറ്റ് അമ്മയും കുഞ്ഞും
  • ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ, കെഎസ്ആർടിസി ബസുകളിൽ ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)
  • Details Of Seat Priority In Buses

 

(വിവരങ്ങള്‍ക്ക് കടപ്പാട്: കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്, ബ്ലോഗുകള്‍)

Follow Us:
Download App:
  • android
  • ios