കമ്പനിയുടെ വിവിധ മോഡലുകള്‍ക്ക് ദീര്‍ഘകാലത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. അവയെപ്പറ്റി വിശദമായി അറിയാം.

മികച്ച വില്‍പ്പനയുമായി ഇന്ത്യൻ വാഹന വിപണിയില്‍ മുന്നേറുകയാണ് ദക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ കിയ. അതുകൊണ്ടുതന്നെ കമ്പനിയുടെ വിവിധ മോഡലുകള്‍ക്ക് ദീര്‍ഘകാലത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. അവയെപ്പറ്റി വിശദമായി അറിയാം.

കിയയുടെ ജനപ്രിയ മോഡലാണ് കാരൻസ്. ഫീച്ചറുകൾ, ഒന്നിലധികം എഞ്ചിൻ - ഗിയർബോക്‌സ് ഓപ്ഷനുകൾ, എസ്‌യുവിയിൽ നിന്ന് ഉരുത്തിരിഞ്ഞ സ്റ്റൈലിംഗ് എന്നിവ കാരണം കാരെൻസ് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. 9.60 ലക്ഷം മുതൽ 17.70 ലക്ഷം വരെയാണ് കിയ കാരൻസിന്‍റെ എക്സ്-ഷോറൂം വില. 

ക്ഷമ വേണം, സമയം എടുക്കും ബുക്ക് ചെയ്‍ത ഈ വണ്ടികള്‍ വീട്ടില്‍ എത്തണമെങ്കില്‍!

കാരൻസിന് നീണ്ട കാത്തിരിപ്പ് കാലാവധി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള കാരൻസിന്‍റെ പ്രസ്റ്റീജ് പതിപ്പിന് 74 മുതല്‍ 75 ആഴ്ചകളുടെ കാത്തിരിപ്പ് കാലാവധിയാണ്. 1.4 ലിറ്റർ ടർബോ എഞ്ചിനും മാനുവൽ ഗിയർബോക്സും ഉള്ള ലക്ഷ്വറി, ലക്ഷ്വറി പ്ലസ് 7 വേരിയന്റുകൾക്ക് 18 മുതല്‍ 19 ആഴ്ചകളാണ് ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലാവധി.

കിയ സോനെറ്റ് കോംപാക്ട് എസ്‌യുവിയെ പറ്റി പറയുമ്പോള്‍, HTX DCT ട്രിമ്മിന് 40-41 ആഴ്ച കാത്തിരിപ്പ് കാലയളവ് ഉണ്ട്. അത് ഏറ്റവും ഉയർന്നതാണ്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന്റെ HTX AE, HTX AE AT ഡീസൽ എഞ്ചിനും HTX DCT AE വേരിയന്റുകളുമാണ് ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലാവധി. കാത്തിരിപ്പ് കാലയളവ് 13 മുതല്‍ 14 ആഴ്ച വരെയാണ്. കിയ സോനെറ്റിന്റെ എക്‌സ് ഷോറൂം വില 7.49 ലക്ഷം രൂപ മുതൽ 13.99 ലക്ഷം രൂപ വരെ വരെയാണ്.

കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ സെൽറ്റോസിനും മികച്ച വില്‍പ്പനയാണ്. GTX പ്ലസ്, GTX (O), GTX പ്ലസ് എടിഎക്സ്- ലൈൻ ,HTK പ്ലസ്, എച്ച്ടികെ പ്ലസ് ഐഎംടി, എച്ച്ടിഎക്സ് പ്ലസ് വേരിയന്റുകൾക്ക് 13 മുതല്‍ 14 ആഴ്ചയാണ് ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലാവധി. 32 മുതല്‍ 33 ആഴ്ചകളിലെ ഏറ്റവും ഉയർന്ന കാത്തിരിപ്പ് കാലയളവ് എച്ച്ടിഇ വേരിയന്റാണ്. കിയ സെൽറ്റോസിന്റെ എക്സ്-ഷോറൂം വില 10.49 ലക്ഷം മുതൽ 18.65 ലക്ഷം വരെയാണ്.

"പണി പാളീന്നാ തോന്നുന്നേ.." അരലക്ഷത്തോളം കിയ വാഹനങ്ങളില്‍ ഈ തകരാര്‍!

സെൽറ്റോസ്, സോനെറ്റ് , കാരെൻസ് എന്നിവയ്ക്ക് പുറമേ, കിയ മോട്ടോഴ്‌സ് കാർണിവൽ എന്ന പ്രീമിയം എംപിവിയും ഇവി6 എന്ന ഇലക്ട്രിക് ക്രോസ്ഓവറും രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ കിയ ഇന്ത്യ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയായ 25,827 യൂണിറ്റുകൾ റിപ്പോർട്ട് ചെയ്‍തു. കമ്പനിയുടെ ശ്രേണിയിലെ ഏറ്റവും പഴക്കം ചെന്ന മോഡലുകളില്‍ ഒന്നാണെങ്കിലും കിയ മോട്ടോഴ്‌സില്‍ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഉൽപ്പന്നമായിരുന്നു സെൽറ്റോസ്.