തിരുവനന്തപുരം : പുതിയ അധ്യയനവര്‍ഷം തുടങ്ങാനിക്കേ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഡിജിപി. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കുവാനാണ് സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. 

സ്‌കൂളുകളുടെ സ്വന്തം വാഹനങ്ങളിലും രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ച് പോകുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. 

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുട്ടികളെ കുത്തിനിറച്ച് സവാരി നടത്തുന്ന വാഹനങ്ങളും കണ്ടെത്തണം. ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നിയമനടപടിയെടുക്കണം. ഇതിനായി പുതിയ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍തന്നെ പഴുതടച്ച പരിശോധനകള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. 

കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ ഓപ്പറേറ്റിംഗ് പ്രൊസീജിയറും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.