ഇൻഷുറൻസ് ലഭിക്കണമെങ്കിൽ ഇടിച്ച വാഹനവും വേണമെന്നും അതുകൊണ്ട് ഇടിപ്പിച്ചയാൾ മുന്നോട്ടുവരണം എന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള ജൂഡിന്‍റെ അഭ്യര്‍ത്ഥന

റോഡരികിൽ പാർക്ക് ചെയ്‍ത വാഹനത്തിൽ ഇടിച്ച് നിർത്താതെ പോയെ ആളെ തിരഞ്ഞ സംവിധായകൻ. മണിക്കൂറുകള്‍ക്കകം കുറ്റസമ്മതം നടത്തി സംവിധായകനു മുന്നിലെത്തിയ യുവാവ്. സംവിധായകന്‍ ജൂഡ് ആന്റണിയും രോഹിത്ത് എന്ന യുവാവുമാണ് സിനിമാക്കഥയ്ക്ക് സമാനമായ ഈ ഒറിജിനല്‍ കഥയിലെ താരങ്ങള്‍. 

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. രാത്രി പത്തുമണിയോടെ കോട്ടയം കുടമാളൂരിനടുത്തുള്ള അമ്പാടിയില്‍ ഭാര്യ വീടിന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്‍തിരുന്ന ജൂഡിന്റെ കാറിനു പിന്നില്‍ മറ്റൊരു വാഹനം വന്നിടിച്ചു. അപകടത്തിന് ശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടം നടന്നത് അറിഞ്ഞയടന്‍ ജൂഡ് അപകടമുണ്ടാക്കി നിര്‍ത്താതെ പോയ ഡ്രൈവറെ അന്വേഷിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുകയായിരുന്നു. ഇൻഷുറൻസ് ലഭിക്കണമെങ്കിൽ ഇടിച്ച വാഹനവും വേണമെന്നും അതുകൊണ്ട് ഇടിപ്പിച്ചയാൾ മുന്നോട്ടുവരണം എന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള ജൂഡിന്‍റെ അഭ്യര്‍ത്ഥന.

"എന്‍റെ പാവം കാറിനെ ഇടിച്ച് ഈ കോലത്തിലാക്കിയ മഹാന്‍ നിങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ ഒരു അഭ്യര്‍ഥന, നിങ്ങളുടെ കാറിനും സാരമായി പരിക്കുപറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ജി ടി എന്‍ട്രി വേണം. സഹകരിക്കണം, മാന്യത അതാണ്. ഇല്ലെങ്കിലും കുഴപ്പമില്ല. നമ്മളൊക്കെ മനുഷ്യരല്ലേ. എന്റെ നിഗമനത്തില്‍ ചുമന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത.."എന്നായിരുന്നു ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മണിക്കൂറുകള്‍ക്കകം കുറ്റസമ്മതം നടത്തി രോഹിത് എന്ന യുവാവ് ജൂഡിനെ സമീപിക്കുകയായിരുന്നു. തന്റെ വാഹനമാണ് ജൂഡിന്റെ വണ്ടിയിൽ ഇടിച്ചതെന്നു പറഞ്ഞായിരുന്നു രോഹിത്ത് മുന്നോട്ടു വന്നത്. ഒരു പൂച്ച കുറുകെ ചാടിയപ്പോൾ താന്‍ വണ്ടി വെട്ടിച്ചെന്നും അപ്പോള്‍ നിയന്ത്രണം വിട്ട് സംഭവിച്ചതാണെന്നുമാണ് യുവാവ് പറഞ്ഞത്. രാത്രി ആയതിനാലും പെട്ടന്നുണ്ടായ പേടിയേയും തുടര്‍ന്നാണ് വാഹനം നിര്‍ത്താതെ പോയതെന്നും രോഹിത് പറഞ്ഞു.

സംഭവം തുറന്നു പറഞ്ഞ് മുന്നോട്ടുവന്ന യുവാവിന് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോയും ജൂഡ് പിന്നീട് പങ്കുവെച്ചിട്ടുണ്ട്. കുറ്റസമ്മതം നടത്തിയ രോഹിതിനെ ജൂഡ് അഭിനന്ദിക്കുകയും അദ്ദേഹത്തിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവില്‍ വരികയും ചെയ്തിരുന്നു. 

അതേസമയം ജൂഡിന്റെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ കമന്റ് ബോക്‌സില്‍ എത്തിയിരുന്നു. ജൂഡ് വാഹനം പാര്‍ക്ക് ചെയ്‍തതിന്‍റെ കുഴപ്പാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍, താന്‍ വെള്ള വരയ്ക്കും അപ്പുറമാണ് വാഹനം പാര്‍ക്ക് ചെയ്‍തതെന്നാണ് ജൂഡ് ആന്‍റണിയുടെ വിശദീകരണം.