വർഷാവസാനം അടുത്തതോടെ പുതിയ ആനുകൂല്യങ്ങളും കിഴിവുകളുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട എന്ന് റിപ്പോര്‍ട്ട്. 60000 രൂപ വരെയാണ് വിവിധ മോഡലുകളെ അടിസ്ഥാനമാക്കി ഡിസ്‍കൌണ്ട് ലഭിക്കുക എന്നും  തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി മാത്രമാണ് കമ്പനി ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‍കൊണ്ട്, കോർപ്പറേറ്റ് ഡിസ്‍കൊണ്ട് എന്നിങ്ങനെയാണ് ടൊയോട്ടയുടെ ഈ ആനുകൂല്യങ്ങൾ ലഭ്യമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ പ്രീമിയം സി-സെഗ്മെന്റ് സെഡാനായ യാരിസിനാണ് ഏറ്റവും ഉയർന്ന കിഴിവുകൾ ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 20,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് യാരിസിന് ലഭിക്കുക. ആകെ 60000 രൂപയുടെ വിലക്കിഴിവ്. 

ജനപ്രിയ മോഡല്‍ ഇന്നോവ ക്രിസ്റ്റയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഓഫർ ലഭ്യമാണ്. 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് പുത്തന്‍ ഇന്നോവയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മാരുതി ബലേനോയുടെ റീബാഡ്‍‌ജ് മോഡലായ ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി ഓഫറുകൾ ഒന്നും തന്നെ നൽകുന്നില്ല.  അതേസമയം വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ ടൊയോട്ട അർബൻ ക്രൂയിസറിന് 20,000 രൂപ എക്സ്ചേഞ്ച് ബോണസായി ലഭിക്കും. എന്നാല്‍ ഫോർച്യൂണർ, കാമ്രി, വെൽ‌ഫയർ എന്നീ പ്രീമിയം മോഡലുകളിലും കിഴിവുകളൊന്നും ലഭ്യമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.