രണ്ടു കോടി രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കി ബോളിവുഡ് താരം ദിഷ പടാനി. റേഞ്ച് റോവർ സ്പോർട് എച്ച്എസ്ഇയുടെ പെട്രോൾ പതിപ്പ് സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എംഎസ് ധോണി ദ അൺടോൾഡ് സ്റ്റോറിയിലൂടെയാണ് ദിഷ ബോളിവുഡിലെ താരമാകുന്നത്. 

3.0 ലീറ്റർ പെട്രോള്‍, 3.0 ലീറ്റർ ഡീസൽ, 4.4 ലീറ്റർ എസ്‍ഡിവി8 ഡീസൽ 5.0 ലീറ്റർ പെട്രോള്‍ എൻജിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 3 ലിറ്റർ എൻജിന്‍ 4000 ആർപിഎമ്മിൽ 244 ബിഎച്ച്‍പി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ‌ എൻജിന്‍റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ് . 5 ലിറ്റർ പെട്രോൾ എൻജിന് 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കും സൃഷ്‍ടിക്കാനാകും. 225 കിലോമീറ്ററാണ് പരമാവധി വേഗം. 

നാലരപ്പതിറ്റാണ്ടോളമായി ലാൻഡ് റോവർ നിരയിലെ സാന്നിധ്യമായ റേഞ്ച് റോവർ ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ്. ആഡംബരവും സുരക്ഷയും ഒരുപോലെ ഈ വാഹനത്തിന്‍റെ പ്രത്യേകതയാണ്. പൂർണമായും ഇറക്കുമതിയിലൂടെ വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത്. 

റേഞ്ച് റോവര്‍ വാഹനങ്ങള്‍ ബോളിവുഡ് സൂപ്പർ  താരങ്ങളുടെ ഇഷ്ടവാഹനങ്ങളാണ്.  സഞ്ജയ് ദത്ത്, കത്രീന കൈഫ്, ഷാരൂഖ് ഖാൻ, ശിൽപ്പഷെട്ടി, ആലിയ ഭട്ട്, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കെല്ലാം റേഞ്ച് റോവർ വാഹനങ്ങളുണ്ട്.