Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണാണെന്നു കരുതി പാളത്തിലൂടെ നടക്കരുത്, പണി ഗുഡ്‍സ് വണ്ടി വിളിച്ചുവരും!

റോഡിലൂടെ നടന്നാല്‍ പൊലീസ് പൊക്കുമെന്ന് പേടിച്ച് റെയില്‍പ്പാളങ്ങളിലൂടെ നടക്കുന്നവരാണത്രെ ഇപ്പോള്‍ കൂടുതലും. പലരും കൂട്ടമായിട്ടാണ് പാളങ്ങളിലൂടെ പോകുന്നത്. 

Do not enter at railway track
Author
Trivandrum, First Published Mar 27, 2020, 7:00 PM IST

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ റെയില്‍ ഗതാഗതം നിശ്ചലമാണ്. ചരിത്രത്തിലാദ്യമായിരിക്കും തീവണ്ടിപ്പാതകള്‍ ഇത്രയേറെ ദിവസം നിശ്ചലമാകുന്നത്. എന്നാല്‍ ട്രെയിനൊന്നും വരില്ലെന്നു കരുതി റെയില്‍പ്പാളങ്ങളില്‍ കയറരുതെന്നാണ് റെയില്‍വേ നല്‍കുന്ന മുന്നറിയിപ്പ്. ലോക്ക് ഡൗണ്‍ കാലത്ത് പാളത്തില്‍ വന്നിരിക്കുന്നവരുടെയും പാളങ്ങളിലൂടെ നടന്നു പോകുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

റോഡിലൂടെ നടന്നാല്‍ പൊലീസ് പൊക്കുമെന്ന് പേടിച്ച് റെയില്‍പ്പാളങ്ങളിലൂടെ നടക്കുന്നവരാണത്രെ ഇപ്പോള്‍ കൂടുതലും. പലരും കൂട്ടമായിട്ടാണ് പാളങ്ങളിലൂടെ പോകുന്നത്. എന്നാല്‍ യാത്രാവണ്ടികൾക്കു മാത്രമാണ് നിരോധനം എന്നും ചരക്കുവണ്ടികളും എൻജിനിയറിങ് ആവശ്യങ്ങൾക്കുള്ള ബ്രേക്ക് വാനുകളും എൻജിനുകളും ഈ പാളങ്ങളിലൂടെ ഇപ്പോഴും ഓടുന്നുണ്ടെന്നും പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. 

കേരളത്തിലെ റെയില്‍ പാതകളിലൂടെ ദിവസം രണ്ടു ഡിവിഷനുകളിലുമായി 15-നും 20-നും ഇടയിൽ ചരക്കു തീവണ്ടികൾ ഓടുന്നുണ്ട്. സമയക്രമം ഒന്നുമില്ലാതെയാണ് ഈ ചരക്കു ട്രെയിനുകൾ ഓടുന്നത്. കോട്ടയംവഴി മാത്രമാണ് ഇപ്പോൾ ചരക്കുവണ്ടികൾ ഓടിക്കുന്നത്.

മാത്രമല്ല സംസ്ഥാനത്തു നിന്നും ഇതര സംസ്ഥാനങ്ങളിലേക്കു പോയിട്ടുള്ള ദീർഘദൂരവണ്ടികൾ കാലിയായി മടങ്ങിവരുന്നുമുണ്ട്. ഷൊർണൂരിൽനിന്നു ദിവസവും രാവിലെ ആറിന് എൻജിനിയറിങ് ജീവനക്കാരുമായി ഒരു കോച്ചും എൻജിനും എറണാകുളത്തേക്കുവന്ന് വൈകുന്നേരം 3.30-ന് മടങ്ങുന്നുണ്ട്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലും ഈ സംവിധാനമുണ്ട്. 

ചരക്കുവണ്ടികളുടെ എണ്ണം വരുംദിവസങ്ങളിൽ കൂടാനാണു സാധ്യതയെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. മുന്നറിയിപ്പില്ലാതെയാണ് ഈ വണ്ടികൾ വരിക. അപ്പോള്‍ പാളങ്ങളിൽ കയറിയാൽ അപകടസാധ്യത കൂടുതലാണെന്നും ലംഘനങ്ങൾ കണ്ടാൽ റെയിൽവേ നിയമപ്രകാരമുള്ള ശിക്ഷ നടപ്പാക്കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios