ഇന്നോവയും എർട്ടിഗയുമൊന്നും വാങ്ങാനുള്ള കാശില്ലേ? ഡോണ്ട് വറി, ഈ വില കുറഞ്ഞ ഫാമിലി കാറുകൾ ഉടനെത്തും
ടൊയോട്ട, മാരുതി, കിയ, റെനോ, നിസാൻ എന്നിവയിൽ നിന്നുള്ള 5 പുതിയ ബജറ്റ് ഫ്രണ്ട്‌ലി 7 സീറ്റർ കാറുകൾ ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് പതിപ്പുകളും ഉൾപ്പെടുന്ന ഈ കാറുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും.

എംപിവികൾ അല്ലെങ്കിൽ 7 സീറ്റർ ഫാമിലി കാറുകൾ എപ്പോഴും അവയുടെ വിശാലമായ ക്യാബിൻ, പ്രായോഗികത, ഓടിക്കാനുള്ള എളുപ്പം തുടങ്ങിയ കാരണങ്ങളാൽ ജനപ്രിയമാണ്. എങ്കിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, റൂമിയോൺ, ലെക്സസ് എൽഎം, മാരുതി സുസുക്കി എർട്ടിഗ, ഇൻവിക്റ്റോ, കിയ കാരെൻസ്, കാർണിവൽ, ബിവൈഡി ഇമാക്സ് 7 തുടങ്ങയവ ഉൾപ്പെടെ ഈ വിഭാഗത്തിൽ വാങ്ങുന്നവർക്ക് പരിമിതമായ ഓപ്ഷനുകൾ മാത്രമേയുള്ളൂ. എന്നാൽ ഇവയിൽ പലതും സാധാരണക്കാരന് താങ്ങാൻ പറ്റാത്ത വിലയിലാണ് എത്തുന്നത്. നിങ്ങൾക്ക് ബജറ്റിൽ പരിമിതിയുണ്ടെങ്കിൽ വിഷമിക്കേണ്ട. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, കുറഞ്ഞത് അഞ്ച് പുതിയ ബജറ്റ്-ഫ്രണ്ട്‌ലി ഫാമിലി കാറുകൾ അല്ലെങ്കിൽ എംപിവികൾ വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ ഫാമിലി കാറുകളുടെ പ്രധാന വിശദാംശങ്ങൾ അറിയാം.
മാരുതി മിനി എംപിവി
ജപ്പാൻ-സ്പെക്ക് സ്പേഷ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മിനി എംപിവി ഇന്ത്യയ്ക്കായി മാരുതി സുസുക്കി പദ്ധതിയിടുന്നു. പുതിയ മാരുതി കോംപാക്റ്റ് എംപിവി ഹൈബ്രിഡ് പവർട്രെയിനുമായി വരും. ബ്രാൻഡിന്റെ സ്വന്തം സ്‍ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് 2025 മധ്യത്തോടെ അപ്ഡേറ്റ് ചെയ്ത ഫ്രോങ്ക്സിനൊപ്പം അരങ്ങേറും. സ്ലൈഡിംഗ് ഡോറുകളോടെയാണ് ജാപ്പനീസ് സ്പെക്ക് സ്പേഷ്യ എത്തുന്നത്. എന്നാൽ ഇതിൽ നിന്നും ഇന്ത്യൻ പതിപ്പ് വ്യത്യസ്‍തമായിരിക്കും. അതായത് ഈ മിനി എംപിവിയുടെ ഇന്ത്യൻ പതിപ്പിന് സ്ലൈഡിംഗ് ഡോറുകൾ ലഭിക്കില്ല. ഇന്ത്യയിൽ, ഇത് റെനോ ട്രൈബറിനും വരാനിരിക്കുന്ന നിസാൻ സബ്-4 മീറ്റർ എംപിവിക്കും എതിരായി സ്ഥാനംപിടിക്കും.
കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ്/കാരൻസ് ഇവി
കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റ് 2025-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, അതിന്റെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിഷ്‍കരിച്ച ഹെഡ്‌ലാമ്പുകൾ, പുതിയ അലോയി വീലുകൾ, പുനർരൂപകൽപ്പന ചെയ്ത വെർട്ടിക്കൽ ടെയിൽലാമ്പുകൾ, 360 ഡിഗ്രി, സെഗ്‌മെന്റിലെ ആദ്യ എഡിഎഎസ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെ കോംപാക്റ്റ് എംപിവിയുടെ അകത്തും പുറത്തും ചില ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അതിന്റെ പവർട്രെയിനുകളിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. 2025 കിയ കാരെൻസ് 115bhp, 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 160bhp, 1.5L ടർബോ പെട്രോൾ, 116bhp, 1.5L ഡീസൽ എഞ്ചിനുകൾക്കൊപ്പം വരും. ഈ മിഡ്-ലൈഫ് അപ്‌ഡേറ്റോടെ, കാരൻസിന് ഇലക്ട്രിക് പവർട്രെയിനും ലഭിക്കാൻ സാധ്യതയുണ്ട്. കിയ EV9 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കിയ കാരെൻസ് ഇവിക്ക് അല്പം വ്യത്യസ്തമായ സ്റ്റൈലിംഗ് ഉണ്ടായിരിക്കും. പുതിയ ക്രെറ്റ ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് 45kWh ബാറ്ററി പായ്ക്ക് കടമെടുത്തേക്കാം.
റെനോ-ട്രൈബർ-ഇവി
2025-ലോ 2026-ലോ ട്രൈബർ കോംപാക്റ്റ് എംപിവിയിൽ റെനോ ഇന്ത്യ ഒരു പ്രധാന അപ്‌ഡേറ്റ് നൽകും. പുതിയ മോഡലിന്റെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എങ്കിലും, പൂർണ്ണമായും പുതിയ ഫ്രണ്ട് ഫാസിയയും ഷാർപ്പായിട്ടുള്ള ഡിസൈൻ ഭാഷയുമായി ഈ മോഡൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്‍റീരിയറിലും സമഗ്രമായ മാറ്റങ്ങൾ ലഭിച്ചേക്കാം. എങ്കിലും, എഞ്ചിൻ സജ്ജീകരണം അതേപടി തുടരും. 2027 സാമ്പത്തിക വർഷത്തിൽ റെനോ കിഗറിന്റെയും ട്രൈബറിന്റെയും ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 2026 ന്റെ രണ്ടാം പകുതിയിൽ റെനോ ട്രൈബർ ഇവി ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കും. 15 ലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്ന ഒരു ബഹുജന വിപണി ഇലക്ട്രിക് ഓഫറായിരിക്കും ഇത്.
നിസാൻ ഇലക്ട്രിക് കാർ
ഇന്ത്യൻ വിപണിക്കായി ഒരു എൻട്രി ലെവൽ എംപിവിയും നിസാൻ പദ്ധതിയിട്ടിട്ടുണ്ട്. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫാമിലി കാറായിരിക്കും ഇത്. അതിന്റെ പ്ലാറ്റ്‌ഫോമും പവർട്രെയിനും അതിന്റെ ഡോണർ മോഡലിന് സമാനമായിരിക്കും, പക്ഷേ പുതിയ നിസ്സാൻ 7-സീറ്റർ എംപിവി മാഗ്നൈറ്റിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ കടമെടുക്കും. ഇന്റീരിയറും സവിശേഷതകളും മാഗ്നൈറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിക്ക് സമാനമായിരിക്കാം. പവറിനായി, പുതിയ നിസ്സാൻ 7-സീറ്റർ എംപിവി 1.0 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കും, ഇത് 71 ബിഎച്ച്പി പവറും 96 എൻഎം ടോർക്കും നൽകുന്നു.
