Asianet News MalayalamAsianet News Malayalam

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ അഴുകിയ മൃതദേഹങ്ങൾ; വിറങ്ങലിച്ച് മഹാനഗരം!

നിർത്തിയിട്ട ചില വാഹനങ്ങളില്‍ നിന്നും എന്തോ ഒരുതരം ദ്രാവകം ഒഴുകിയിറങ്ങുന്നതായും കടുത്ത ദുര്‍ഗന്ധം വമിക്കുന്നെന്നും ഉള്ള ഫോണ്‍ കോളിനെ തുടര്‍ന്നാണ് പൊലീസ് പാഞ്ഞെത്തിയത്. 

Dozens of Dead Bodies Found in Trucks At New York
Author
New York, First Published May 1, 2020, 10:42 AM IST

നിർത്തിയിട്ട ചില വാഹനങ്ങളില്‍ നിന്നും എന്തോ ഒരുതരം ദ്രാവകം ഒഴുകിയിറങ്ങുന്നതായും കടുത്ത ദുര്‍ഗന്ധം വമിക്കുന്നെന്നും ഉള്ള ഫോണ്‍ കോളിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്ക് പൊലീസ് അവിടേക്ക് പാഞ്ഞെത്തിയത്. 

ബ്രൂക്‌ലിനിലെ യൂടിക അവന്യൂവിലെ ശ്‍മശാനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഈ ട്രക്കുകള്‍ തുറന്നു നോക്കിയ പൊലീസ് ഞെട്ടി. ട്രക്കിനകത്ത് നിറയെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ. അടുക്കിയിട്ട നിലയിലുള്ള മൃതദേഹങ്ങളില്‍ നിന്നും രൂക്ഷഗന്ധം പരത്തി പുറത്തേക്ക് ഒഴുകിയറങ്ങുന്ന കൊഴുത്ത ദ്രാവകം. 

യൂടിക അവന്യൂവിലെ ആൻഡ്ര്യൂ ടി ക്ലെക്ലി  ശവസംസ്‍കാര കേന്ദ്രത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രക്കുകളില്‍ നിന്നുള്ള ഈ കരളലയിക്കുന്ന കാഴ്‍ച കൊവിഡ് 19മഹാമാരിയെ തുടര്‍ന്ന് അമേരിക്ക നേരിടുന്ന ദുരന്തത്തിന്‍റെ ഞെട്ടിപ്പിക്കുന്ന നേര്‍ക്കാഴ്‍ചയാകുകയാണ്. 

മഹാമാരിയില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങളുടെ ആധിക്യം കാരണം ജോലിക്കാര്‍ വിശ്രമമില്ലാതെ പണിയെടുത്തിട്ടും സംസ്‍കരിച്ചു തീരുന്നില്ല. സൂക്ഷിക്കാനിടമില്ലാത്തതിനാല്‍ ചില ശവസംസ്‍കാരകേന്ദ്രങ്ങൾ ഏസി ട്രക്കുകൾ വാടകയ്ക്കെടുത്താണ് ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഈ മൃതദേഹങ്ങളാണ് അഴുകിത്തുടങ്ങിയത്. 

മുൻഗണനാക്രമം അനുസരിച്ചാണ് സംസ്‍കാരം നടക്കുന്നത്. വിശ്രമമില്ലാതെ ജോലിയെടുക്കുന്നുണ്ടെന്നും എന്നാൽ, എല്ലാ മൃതദേഹങ്ങളും ഉടനെ സംസ്‍കരിച്ച് തീര്‍ക്കാനാകുന്നില്ലെന്നുമാണ് ശ്‍മശാനം നടത്തിപ്പുകാർ പറയുന്നത്.  ന്യൂയോർക്കിൽ മൃതദേഹം സംസ്‍കരിക്കാൻ ആഴ്ചകൾ കാത്തിരിക്കേണ്ടിവരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 

പ്രമുഖ ആശുപത്രികളിലെല്ലാം ശീതീകരിച്ച ഇത്തരം ട്രക്കുകളുടെ നീണ്ട നിരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകബാഗുകളിൽ പൊതിഞ്ഞാണ് ഇതിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്. എന്നാല്‍ ബ്രൂക്‌ലിനിൽ കണ്ടെത്തിയ ട്രക്കുകളില്‍ ശീതീകരണ സംവിധാനം ഇല്ലായിരുന്നെന്നും വെറും ഐസ് കട്ടകൾക്ക് മുകളിൽ മൃതശരീരങ്ങൾ വെച്ചിരിക്കുകയായിരുന്നെന്നും അധികൃതര്‍ പറയുന്നു. ആഴ്ചകൾക്കിടെ 14,000-ത്തിലധികംപേരാണ് ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios