പൊതുഗതാഗത വാഹനങ്ങളിൽ ഡ്രൈവറുടെ കാബിൻ വേർതിരിക്കാനുള്ള സമയപരിധി മോട്ടോര്‍വാഹനവകുപ്പ് നീട്ടി. 15നുമുമ്പ് വേര്‍തിരിക്കണമെന്ന ഉത്തരവ് 27വരെ നീട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഓട്ടോറിക്ഷകള്‍, ടാക്സി വാഹനങ്ങള്‍, ബസുകൾ എന്നിവയിലെല്ലാം ഡ്രൈവർമാരുടെ കാബിൻ പ്രത്യേകം വേര്‍ തിരിക്കണമെന്നായിരുന്നു നിർദേശം. ഇതുസംബന്ധിച്ച് നേരത്തെ സർക്കാർ നിർദേശമുണ്ടായിരുന്നു. എന്നാല്‍ ഇതു നടപ്പാകുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 15ന് മുമ്പ് വേര്‍തിരിക്കണമെന്ന പുതിയ ഉത്തരവിറക്കിയത്. 

എന്നാല്‍ സര്‍വീസ് വാഹനങ്ങളില്‍ ഡ്രൈവര്‍കാബിന്‍ 15നുമുമ്പ് വേര്‍തിരിക്കണമെന്ന ഉത്തരവിനെതിരേ വാഹന ഉടമകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സമയം നീട്ടിയത്.  ഇതുസംബന്ധിച്ച് 25വരെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തും. 

ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് ക്യാര്യേജുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാവാഹനങ്ങളിലും ഡ്രൈവറുടെ ക്യാബിന്‍ പ്രത്യേകം വേര്‍തിരിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്. ഓട്ടോ റിക്ഷകളില്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് അടിയന്തരമായി ഡ്രൈവര്‍കാബിന്‍ മറയ്ക്കാനാണ് നിര്‍ദേശം. 

ബസുകളുടെ കാബിന്‍ വേര്‍തിരിക്കണമെങ്കില്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ബസില്‍ ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവര്‍ക്ക് കാണുന്നതരത്തില്‍ കണ്ണാടിയ ഉപയോഗിച്ചാവണം കാബിന്‍ വേര്‍തിരിക്കേണ്ടത്. 

യാത്രക്കാരും ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനാണ് പ്രകാശം കടക്കുന്ന പ്ലാസ്റ്റിക് മാതൃകയിലുള്ള അക്രിലിക് ഷീറ്റ് ഉപയോഗിച്ച് കാബിന്‍ മറയ്ക്കുന്നത്. ഇതുസംബന്ധിച്ച് നിലവില്‍ ബോധവല്‍ക്കരണം നടത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്. യാത്രാക്കാരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക, യാത്രയ്ക്കുശേഷം വാഹനം അണുമുക്തമാക്കുക തുടങ്ങി കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നിയമ നടപടികളുണ്ടാകും.