വാഹനത്തിനുള്ളില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കതിരെ കര്‍ശനന നടപടിക്ക് ഒരുങ്ങി ബ്രിട്ടന്‍. 100 പൌണ്ടു മുതല്‍ 5000 പൌണ്ട് വരെ പിഴ ഈടാക്കനാണ് നീക്കമെന്ന് എക്സ്പ്രസ് കോ യുക്കെ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ബ്രിട്ടനില്‍ ഒരു വാഹനത്തിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെതിരെ പ്രത്യേക നിയമമൊന്നുമില്ല.  എന്നാൽ കാറില്‍ വച്ച് സെക്സ് ചെയ്യുന്ന ഡ്രൈവർമാർക്കും വാഹന ഉടമകള്‍ക്കും നിലവിലുള്ള നിരവധി നിയമങ്ങൾ ലംഘിക്കേണ്ടി വരും. അതുകൊണ്ടു തന്നെ അശ്രദ്ധമായി വാഹനമോടിച്ചതിന് ഉള്‍പ്പെടെ ഡ്രൈവർമാരില്‍ നിന്നും പിഴ ഈടാക്കി ഇത്തരം സംഭവങ്ങള്‍ കുറയ്ക്കാനാണ് അധികൃതരുടെ നീക്കം. 

100 പൌണ്ടും ഡ്രൈവിംഗ് ലൈസൻസിൽ മൂന്ന് പെനാല്‍റ്റി പോയിന്റുകളുമാകും കുറ്റത്തിന്‍റെ സ്വഭാവത്തിന് അനുസരിച്ച് ആദ്യം ചുമത്തുക.  എന്നാല്‍ ഒരു ഡ്രൈവറുടെ ഇത്തരം പ്രവര്‍ത്തികള്‍ മറ്റ് യാത്രികരെ അപകടത്തിലേക്ക് നയിക്കുന്നതാണെന്ന് പൊലീസ് കരുതുന്നുവെങ്കിൽ 5,000 പൌണ്ടും ഡ്രൈവിംഗ് ലൈസന്‍സില്‍ ഒമ്പത് പെനാൽറ്റി പോയിന്റുകളും വരെ പിഴ ഉയരും. പുതിയ നിയമം അനുസരിച്ച് ചില പ്രത്യേക വാഹനങ്ങള്‍ ഒരു പൊതു സ്ഥലത്ത് പാർക്ക് ചെയ്‍താൽപ്പോലും വിചാരണ ചെയ്യപ്പെടാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.  എന്നിരുന്നാലും, പൊതുജന ശ്രദ്ധയില്‍പ്പെടാതെ വാഹനങ്ങൾക്കുള്ളിൽ ഇരുന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാനുള്ള നിയമങ്ങളൊന്നും ഇപ്പോഴും രാജ്യത്ത് നിലവിലില്ല.

അടുത്തിടെ ബ്രിട്ടിനിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഒരു സംഘടന നടത്തിയ സർവേയിൽ 49 ശതമാനം ഡ്രൈവർമാരും വാഹനത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. സെക്സില്‍ ഏര്‍പ്പെടാനുള്ള അത്യാവശ്യവും പ്രായോഗിക പ്രശ്‍നങ്ങളും കാരണങ്ങളുമാണ് വാഹനങ്ങളില്‍ വച്ച് അത്  ചെയ്യുന്നതെന്നാണ് പലരും പറയുന്നത്. ലഭ്യമായ ഏക സ്വകാര്യ സ്ഥലമാണ് ഇതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു.  സര്‍വ്വേയില്‍ പങ്കെടുത്ത മൊത്തം മുപ്പത് ശതമാനം പേരും വാഹനം ഓടിക്കുന്നതിനിടെ ലൈംഗിക പ്രവർത്തികള്‍ നടത്താറുണ്ടെന്നും വെളിപ്പെടുത്തി.

ബ്രിസ്റ്റോളിലെ ഡ്രൈവര്‍മാരാണ് ഇക്കാര്യത്തില്‍ ഏറെ അപകടകാരികളാണെന്നാണ് സര്‍വ്വേ പറയുന്നത്.  ഇവിടെ 43 ശതമാനം പേരും യാത്രയ്ക്കിടെ ഇത്തരം സെക്സ് പ്രവർത്തികൾ ചെയ്യുന്നതായി സമ്മതിച്ചിട്ടുണ്ട്. 18 നും 24 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരായ ഡ്രൈവർമാർ അവരുടെ കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത കുറവാണെന്നും 35നും 44നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏറ്റവും അപകടകാരികളെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.