റോഡിന്റെ തെറ്റായ ഭാഗങ്ങിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാർക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഒരു പൊലീസ് സേന. ഇത്തരം ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസൻസ് എന്നെന്നേക്കുമായി നിർത്തലാക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി ഗുരുഗ്രാം പൊലീസ് നീങ്ങുന്നതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ഗുരുഗ്രാം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രീത് പാൽ സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഗുരുഗ്രാമിലെ റോഡുകളുടെ തെറ്റായ ഭാഗങ്ങളിലൂടെ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ, റോംഗ് സൈഡ് ഡ്രൈവിംഗിനിടയില്‍ അപകടം ഉണ്ടായാല്‍ 10 വര്‍ഷം ജയിലില്‍ കിടക്കാനുള്ള വകുപ്പ് ചേര്‍ത്ത് കേസെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിന് സി.സി.ടി.വി. കാര്യക്ഷമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.  മാത്രമല്ല വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം ഡ്രൈവിങ്ങ് ലൈസന്‍സുമായി ബന്ധിപ്പിക്കാനും നീക്കമുണ്ട്. ലൈസന്‍സ് ഉടമ കൂടുതല്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് അനുവദിക്കാതിരിക്കാനാണ് ഈ നീക്കം. 

2019-ല്‍ മാത്രം 49,671 പേര്‍ക്കാണ് ഗുരുഗ്രാം പോലീസ് റോംഗ് സൈഡ് ഡ്രൈവിങ്ങിന് പിഴ ഇടാക്കിയത്. ഇത് 39,765 ആയി കുറയ്ക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചു. എന്നാല്‍, ഇപ്പോഴും നല്ലൊരു ശതമാനം ആളുകള്‍ റോംഗ് സൈഡ് ഡ്രൈവിംഗ് ചെയ്യുന്നുണ്ടെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടു തന്നെയാണ് ഇങ്ങനെ പിടിക്കപ്പെടുന്ന ആളുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുന്നത് .