നടപടി സസ്‍പെന്‍ഷനില്‍ ഒതുങ്ങില്ലെന്നും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും തെറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

പൂഞ്ഞാറില്‍ (Poonjar) ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി (KSRTC Bus) ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. 

പൂഞ്ഞാര്‍ (Poonjar) സെന്റ് മേരീസ് പള്ളിയുടെ (Poonjar St Marys Church) മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ് (KSRTC Bus) വെള്ളക്കെട്ടില്‍ മുങ്ങിയത്. ഈ സംഭവത്തിൽ ഡ്രൈവര്‍ ജയദീപിനെ കെഎസ്‍ആര്‍ടിസി നേരത്തെ സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. എന്നാല്‍ നടപടി സസ്‍പെന്‍ഷനില്‍ ഒതുങ്ങില്ലെന്നും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും തെറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ജയദീപിന്‍റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ മോട്ടോർ വാഹനവകുപ്പ്. ജയദീപ് രണ്ടാഴ്‍ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. മോട്ടോർ വാഹന വകുപ്പ് 184 ആം വകുപ്പ് പ്രാകാരമാണ് നടപടി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനാണ് ഇയാളെ നേരത്തെ സസ്പെന്‍റ് ചെയ്‍തത്. ഗതാഗതമന്ത്രി ആന്‍റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നായിരുന്നു ഈ നടപടി.

എന്നാല്‍ തന്നെ സസ്‍പെന്‍ഡ് ചെയ്‍ത നടപടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ രംഗത്തെത്തിയിരുന്നു. തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് ഇയാള്‍ കഴിഞ്ഞദിവസങ്ങളില്‍ ഇതുസംബന്ധിച്ച് പങ്കുവച്ചത്.

ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന തന്നെ സസ്പെന്‍ഡ് ചെയ്‍ത് സഹായിക്കാതെ വല്ല കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെയും പോയി സസ്‍പെന്‍ഡ് ചെയ്യുക, ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ, ഞാൻ വീട്ടുകാര്യങ്ങൾ നോക്കി കള്ളുാഷാപ്പില്‍ പോയി സുഖിച്ച് വിശ്രമിക്കട്ടെ തുടങ്ങിയായിരുന്നു ഇയാളുടെ പരിഹാസങ്ങള്‍. പിന്നാലെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് സസ്പെന്‍ഷന്‍ ചെയ്‍ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാന്‍ തബല എടുത്ത് പെരുക്കിയപ്പോള്‍ എന്ന കുറിപ്പോടെ തബല കൊട്ടുന്ന വീഡിയോയും ഇയാള്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തിരുന്നു.

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.