തൃശൂര്‍: ഡ്രൈവിങ് പരിശീലനത്തിനിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്റ്റില്‍. അതിരപ്പിള്ളി സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

ചാലക്കുടി അരുണ്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും ഡ്രൈവിങ് പഠിപ്പിക്കുന്നയാളുമായ ചാലക്കുടി സ്വദേശി ജി രാധാകൃഷ്ണനെ(58)യാണ് അതിരപ്പിള്ളി പൊലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച രാവിലെ കാറില്‍ ഡ്രൈവിങ് പരിശീലനത്തിനിടെയാണ് സംഭവം. പിള്ളപ്പാറയില്‍നിന്ന് വെറ്റിലപ്പാറ ഭാഗത്തേക്കു വരുന്നവഴിക്കിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഡ്രൈവിങ് സ്‌കൂളിന്റെ കാറും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.