ഇടുക്കി: ഒൻപതുവയസുള്ള കുട്ടിയെ മടിയിലിരുത്തി മദ്യലഹരിയിൽ പിതാവിന്‍റെ വാഹനാഭ്യാസം. നിയന്ത്രണം വിട്ട കാര്‍ നാല് വാഹനങ്ങൾ ഇടിച്ചുതകർത്തു.  ഇടുക്കി രാജാക്കാടാണ് സംഭവം. 

അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്നു വന്ന സ്‍കൂട്ടറിലും വാനിലും ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‍കൂട്ടർ മറിഞ്ഞു. പക്ഷേ സ്‍കൂട്ടര്‍ യാത്രികരായ ദമ്പതികളും രണ്ടര വയസ്സുള്ള കുട്ടിയും പരുക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിനു ശേഷവും തെറ്റായ ദിശയിൽ കാര്‍ ഓട്ടം തുടര്‍ന്നു. ഇതോടെ നാട്ടുകാര്‍ കാർ തടഞ്ഞുനിർത്തി. പിന്നീട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വാഹനം ഓടിച്ചിരുന്ന സേനാപതി സ്വദേശിക്കെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും പൊലീസ് കേസെടുത്തു.

എന്നാൽ ഇയാളുടെയൊപ്പം ഡ്രൈവിങ് സീറ്റിൽ മടിയിലിരുന്ന ഒൻപതുവയസ്സുകാരനായ മകനാണു വാഹനം ഓടിച്ചിരുന്നതെന്ന് എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്കൊപ്പം മദ്യലഹരിയിലായിരുന്ന മറ്റ് 2 പേരും വാഹനത്തിൽ ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും തലനാരിഴ്ക്കാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.