മദ്യപിച്ച് വണ്ടിയോടിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അങ്ങനെ വണ്ടിയോടിച്ച് പോകുമ്പോൾ, റോഡിലൂടെ നടന്നുപോകുന്ന വയോധികർ ഇടിച്ചിടുന്നതും കുറ്റമാണ്. അപകടം നടന്ന ശേഷം, വണ്ടി നിർത്താൻ കൂട്ടാക്കാതെ അതിവേഗം ഓടിച്ചു പോകുന്നതിനിടെ, വണ്ടി തട്ടി നിലത്തു വീഴുന്ന വയോധികന്റെ മേൽ വണ്ടി കയറ്റിയിറക്കുന്നത് അതിലും വലിയ കുറ്റമാണ്. പൊലീസ് അറസ്റ്റു ചെയ്യും, എഫ്ഐആർ ഇടും, കോടതിയിൽ ഹാജരാക്കിയാൽ ജയിൽ ശിക്ഷ വരെ കുറ്റം. എന്നാൽ, ഇങ്ങനെ ചെയ്യുന്നവരെ തടയേണ്ട, അവർക്കെതിരെ നടപടി എടുക്കേണ്ട പൊലീസ് ഓഫീസർ തന്നെ ഇതൊക്കെ പ്രവർത്തിച്ചാലോ? 

 

 

അങ്ങനെ ഒരു സംഭവമാണ് ന്യൂ ഡൽഹിയിൽ നിന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദില്ലിയിലെ ഗാസിപൂരിനടുത്തുള്ള ഛില്ല എന്ന സ്ഥലത്തെ തിരക്കേറിയ ഒരു റോഡിലൂടെ കാറോടിച്ച് പോവുകയായിരുന്നു ദില്ലി പൊലീസ് ഇൻസ്പെക്ടറായ യോഗേന്ദ്ര. മദ്യപിച്ച് മദോന്മത്തനായി നിയന്ത്രണമില്ലാതെ കാറോടിച്ചു വന്ന അയാൾ റോഡിലൂടെ നടന്നു പോവുകയായിരുന്ന ഒരു വയോധികയ്ക്കു മേൽ വാഹനം കൊണ്ടുചെന്നിടിച്ചു. ഇടിയേറ്റ് ആ വയോധിക തലയും തല്ലി  നിലത്തു വീണു. വീണത് ആ കാറിന്റെ മുന്നിൽ തന്നെയായിരുന്നു. 

അപകടം കണ്ട് ഓടിവന്ന നാട്ടുകാർ ആ സ്ത്രീയെ കാറിനടിയിൽ നിന്ന് വലിച്ചു പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ആകെ പരിഭ്രമിച്ചു പോയ യോഗേന്ദ്ര അപകടം നടന്നയുടനെ കാർ നിർത്താൻ കൂട്ടാക്കാതെ മുന്നോട്ടെടുത്ത് സ്ഥലം വിടാൻ ശ്രമിച്ചു. അതോടെ ഇടികൊണ്ട്‌ നിലത്തുവീണുകിടക്കുന്ന ആ വയോധികയുടെ ദേഹത്തുകൂടി കാറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വയോധികയുടെ നില വളരെ ഗുരുതരമാണ്. അറസ്റ്റു ചെയ്ത എസ്‌ഐ യോഗേന്ദ്രക്കെതിരെ ഐപിസി 279, 337 എന്നിവ പ്രകാരം 'ഡ്രിങ്ക് ആൻഡ് ഡ്രൈവ്', 'ഹിറ്റ് ആൻഡ് റൺ' ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുമെന്ന് പൊലീസ് അറിയിച്ചു.  സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.