ഇറ്റാലിയൻ സൂപ്പർ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി പുതിയ ബിഎസ്6 മൾട്ടിസ്ട്രാഡ 950 എസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പരിഷ്ക്കരിച്ച മോഡലിനായുള്ള ബുക്കിംഗും കമ്പനി ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്റ്റാൻഡേർഡ്, എസ്, എസ് സ്പോക്കഡ് വീലുകൾ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ അന്താരാഷ്ട്ര വിപണിയിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. റിപ്പോർട്ട് പ്രകാരം മൾട്ടിസ്ട്രാഡ 950-ന്റെ എസ് മോഡലിനായുള്ള ബുക്കിംഗാണ് ഡീലർഷിപ്പുകൾ ആരംഭിച്ചിട്ടുള്ളത്. ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 എസ്സിൽ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഉയർന്ന സവിഷേതകളാണ് ഉള്ളത്. അപ്പ് ആൻഡ് ഡൗൺ ക്വിക്ക് ഷിഫ്റ്റ്, കോർണറിംഗ് ലൈറ്റ്സ് ഉള്ള പൂർണ എൽഇഡി ഹെഡ്‌ലാമ്പ്, ഡ്യുക്കാട്ടി സ്കൈഹൂക്ക് സസ്പെൻഷൻ ഇവോ സിസ്റ്റമുള്ള ഇലക്ട്രോണിക് സസ്പെൻഷൻ, അഞ്ച് ഇഞ്ച് കളർ ടിഎഫ്‍ടി ഡിസ്പ്ലേ എന്നിവ സവിശേഷതകളാണ്.

2021 ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 എസ് പതിപ്പിന്റെ ഹൃദയം പുതിയ ബിഎസ്-VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്ട്രെറ്റ, എൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. ഇത് 9,000 rpm-ൽ 111 bhp പവറും 7,750 rpm-ൽ 96 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബാക്ക്‌ലിറ്റ് ഹാൻഡിൽബാർ കൺട്രോളുകൾ, വ്യത്യസ്‌ത റൈഡിംഗ് മോഡുകൾ, ഹാൻഡ്സ് ഫ്രീ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ബോഷ് എബി‌എസ് കോർണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺ‌ട്രോൾ, വെഹിക്കിൾ ഹോൾഡ് കൺ‌ട്രോൾ എന്നിവ ബൈക്കിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. ബ്രേക്കിംഗിനായി മുൻവശത്ത് ട്വിൻ 320 mm ഡിസ്കുകളും പിന്നിൽ 265 mm റോട്ടറുമാണ് ഉള്ളത്.