അച്ഛന്‍ മമ്മൂട്ടിയെപ്പോലെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വാഹനപ്രേമവും പ്രസിദ്ധമാണ്. അച്ഛനെപ്പോലെ നിരവധി മികച്ച ആഡംബര വാഹനങ്ങളാല്‍ സമ്പന്നമാണ് ദുല്‍ഖറിന്‍റെ ഗാരേജും.  ഇപ്പോഴിതാ ഈ ഗ്യാരേജിലേയ്ക്കൊരു ക്ലാസിക് വാഹനം കൂടി എത്തിയിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാറായ 740ഐഎല്ലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. 

1994 മുതൽ 2001 വരെ നിർമിച്ച ബിഎംഡബ്ല്യു 7 ഇ 38 സീരിസിലെ  കാറുകളിലൊന്നാണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. 2002 ൽ ഇന്ത്യയിലേയ്ക്ക് ഇറക്കുതി ചെയ്ത കാറിൽ ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഹെഡ്‌ലൈറ്റ് വാഷർ, റെയിൻ സെൻസറിങ് വൈപ്പർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, തുടങ്ങി അക്കാലത്ത് അത്യാഡംബരമായിരുന്ന നിരവധി ഫീച്ചറുകളുണ്ട്.   4398 സിസി എൻജിനാണ് കാറിന്‍റെ ഹൃദയം. 290 ബിഎച്ച്പി കരുത്തും 440 എൻഎം ടോർക്കും ഈ എൻജിന്‍ സൃഷ്‍ടിക്കും. 

കർട്ടൻ എയർബാഗുകളോടെ വിപണിയിലെത്തുന്ന ആദ്യ കാർ, സാറ്റ്‍ലേറ്റ് നാവിഗേഷൻ സിസ്റ്റ് നൽകുന്ന ആദ്യ യൂറോപ്യൻ കാർ, ബിൽഡ് ഇൻ ടെലിവിഷൻ സെറ്റോടുകൂടിയെത്തുന്ന ആദ്യ ബിഎംഡബ്ല്യു തുടങ്ങി നിരവധി സവിശേഷതകളുണ്ട് ഇ 38 സീരിസ് കാറിന്.  യൂറോപ്യൻ രാജ്യങ്ങളിൽ പുറത്തിറങ്ങിക്കൊണ്ടിരുന്ന കാറിന്റെ വളരെ കുറച്ച് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകൾ മാത്രമേ വിപണിയിലെത്തിയിട്ടുള്ളു.

റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനി 2001ൽ ബിഎംഡബ്ല്യു 7 (ഇ38) സീരിസ് ഇറക്കുമതി ചെയ്‍തിരുന്നു. എൽ7 എന്ന സ്പെഷ്യൽ എഡിഷനായിരുന്നു അംബാനി ഇറക്കുമതി ചെയ്‍തത്.  ബെൻസ് എസ്എൽഎസ് എഎംജി, ടൊയോട്ട സുപ്ര, ബെൻസ് ഡബ്ല്യു 123, ജെ80 ലാൻഡ് ക്രൂസർ, മിനി കൂപ്പർ, വോൾവോ 240 ഡിഎൽ തുടങ്ങിയ നിരവധി വിന്റേജ് കാറുകളുണ്ട് ദുല്‍ഖറിന്‍റെ ഗാരേജില്‍.