അച്ഛന്‍ മമ്മൂട്ടിയെപ്പോലെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വാഹനപ്രേമവും പ്രസിദ്ധമാണ്. നിരവധി വാഹനമോഡലുകളാല്‍ സമ്പന്നമാണ് ഇരുവരുടെയും ഗാരേജുകള്‍. എന്നാല്‍ പുത്തന്‍ മോഡലുകളോട് മാത്രമല്ല പഴയ ക്ലാസിക് മോഡലുകളോടും ഏറെ പ്രിയമുണ്ട് ദുല്‍ഖറിന്. 

ഇത് വീണ്ടും തെളിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം. ഡാറ്റ്‌സണിന്റെ പഴയ മോഡലായ ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍. കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാർ ഡീലറിൽ നിന്നാണ് ക്ലാസിക് കാറായ ഡാറ്റ്സൺ 1200 സ്വന്തമാക്കിയത്. ദുൽഖറിന്റെ താൽപര്യമനുസരിച്ച് മുംബൈയിൽ നിന്ന് വാങ്ങിച്ച് കൊച്ചിയിൽ എത്തിക്കുകയായിരുന്നു വണ്ടി. 

ഇപ്പോൾ വിപണിയിലുള്ള നിസാൻ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്സൺ 1200. ബി110 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന കാർ 1970 മുതൽ 1973 വരെയുള്ള കാലഘട്ടത്തിലാണ് വിപണിയില്‍ എത്തിയിരുന്നത്.

ബെന്‍സ് എസ്എല്‍എസ്, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ലു 123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍ തുടങ്ങി ഏതൊരു വാഹനപ്രേമിയെയും കൊതിപ്പിക്കുന്ന മോഡലുകള്‍ ഇപ്പോള്‍ ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്.