Asianet News MalayalamAsianet News Malayalam

ലഗേജ് കയറ്റാതെ എയര്‍ ഇന്ത്യ പറന്നു, ചമ്മിയത് ബോംബ് ഭീഷണിക്കാരനും ബ്രിട്ടനും!

എയര്‍ ഇന്ത്യയുടെ യാത്ര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ ഇറക്കിയ സംഭവത്തില്‍ രസകരമായ വഴിത്തിരിവ്

E mail says that bomb in luggage but Air India left most behind reports
Author
Mumbai, First Published Jun 29, 2019, 4:06 PM IST

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ യാത്ര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ ഇറക്കിയ സംഭവം നടന്നത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തില്‍ ഇപ്പോള്‍ രസകരമായ വഴിത്തിരിവുണ്ടായെന്നാണ് പുതിയ വാര്‍ത്തകള്‍. 

മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ്  ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തില്‍ ഇറക്കിയത്. ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഈ മെയില്‍ സന്ദേശം ലഭിച്ചു. ഈ സമയം ബ്രിട്ടണ്‍ കടന്ന് നോര്‍ത്ത് അയര്‍ലന്‍ഡിന് മുകളിലായിരുന്നു വിമാനം. ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കൊണിംഗ്‍സ ബേയിലെ ബ്രിട്ടീഷ് വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും രണ്ട് യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടുത്തേക്ക് പറന്നു

വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് കൊണ്ടു വരാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. പൈലറ്റ് ഇതനുസരിച്ച് വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു. രണ്ട് യുദ്ധവിമാനങ്ങളും വിമാനത്താവളം വരെ എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിച്ചു. എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ലാന്‍ഡിംഗ് സമയത്ത് മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും താല്‍കാലികമായി  നിര്‍ത്തി വച്ചു. ലാന്‍ഡ് ചെയ്‍ത വിമാനത്തെ ടെര്‍മിനലില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയിട്ട ശേഷമാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നുള്ള വ്യോമഗതാഗതം വിമാനത്താവള അധികൃതര്‍ പുനസ്ഥാപിച്ചത്. 

ഇത്രയും നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിച്ചു തുടങ്ങി. മുംബൈയില്‍ നിന്നും കയറ്റിയ ലഗേജില്‍ ബോംബുണ്ടെന്നായിരുന്നു ഇ മെയില്‍ സന്ദേശം. എന്നാല്‍ വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്തംവിട്ടു. ബോംബ് പോയിട്ട് യാത്രികരുടെ ഒരൊറ്റ ലഗേജു പോലും വിമാനത്തില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അന്വേഷിച്ചപ്പോള്‍ അവിടെ നിന്നും വിവരം കിട്ടി. ലഗേജുകള്‍ എല്ലാം അവിടെ ഭദ്രമായിട്ടുണ്ട്. ലഗേജുകള്‍ കയറ്റാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ മറന്നുപോയിരുന്നു. എന്നാല്‍ മറന്നതല്ല, സ്ഥലം ഇല്ലാത്തതിനാല്‍ ലഗേജുകള്‍ കയറ്റാത്തതായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും മുംബൈയിലെ ലഗേജുകളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.

സാങ്കേതിക പ്രശ്നങ്ങളാല്‍ ലഗേജുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ പലപ്പോഴും വീഴ്‍ച വരുത്തുന്നതായി യാത്രികര്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ലഗേജ് ഒപ്പമില്ലെന്ന് അറിഞ്ഞപ്പോള്‍ ആദ്യമായി സന്തോഷം തോന്നിയെന്നാണ് പല യാത്രികരും പറയുന്നത്. 

പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തി വിമാനം തിരികെ നെവാര്‍ക്കിലേക്ക് പുറപ്പെടുകയായിരുന്നു. യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറന്നത് ബ്രിട്ടനിലെ ഡെര്‍ബി അടക്കമുള്ള പ്രദേശങ്ങളില്‍ ആശങ്കയിലാഴ്‍ത്തിയെന്നതാണ് മറ്റൊരു കൗതുകം.  സോണിക് ബൂമിന് തുല്യമായ അവസ്ഥ യുദ്ധവിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്നുണ്ടായെന്ന് സംഭവത്തിന് സാക്ഷികളായവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കി എന്ന് ആദ്യം ട്വീറ്റ് ചെയ്‍ത എയര്‍ ഇന്ത്യ പിന്നീട് ഈ ട്വീറ്റ് ഡെലീറ്റ് ചെയ്‍തതും കൗതുകമായി. 

Follow Us:
Download App:
  • android
  • ios