ഡൽഹി ട്രാഫിക് പോലീസിന്റെ പ്രഹരി ആപ്പ് ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത് പ്രതിമാസം 50,000 രൂപ വരെ സമ്പാദിക്കാം. ഫോട്ടോ, തീയതി, സമയം, സ്ഥലം എന്നിവ സഹിതം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.

റോഡിൽ ഗതാഗത നിയമങ്ങൾ അവഗണിക്കുന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. ചിലർ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നു. മറ്റുചിലർ റെഡ് സിഗ്നലുകൾ ലംഘിക്കുന്നു. എന്നാൽ ഇപ്പോൾ അത്തരം ആളുകൾക്ക് എട്ടിന്‍റെ പണിയുമായി എത്തിയിരിക്കുകയാണ് രാജ്യ തലസ്ഥാനത്തെ ട്രാഫിക് പൊലീസ്. ഇപ്പോൾ പൊതുജനങ്ങൾക്കും ട്രാഫിക് പോലീസിന്‍റെ കാവൽക്കാരനാകാനും അതുവഴി പണം സമ്പാദിക്കാനും സാധിക്കുന്ന വേറിട്ടൊരു പദധതിയാണ് ഡൽഹി ട്രാഫിക് പോലീസ് നടപ്പിലാക്കിയിരിക്കുന്നത്. ദില്ലി പൊലീസ് അടുത്തിടെ പുറത്തിറക്കിയ പ്രഹരി ആപ്പാണ് ട്രാഫിക് നിയമലംഘകരെ കുടുക്കാനും പൊതുജനത്തിന് പണം സമ്പാദിക്കാനുമുള്ള മാ‍ഗ്ഗമാകുന്നത്. ഈ ആപ്പിന്റെ സഹായത്തോടെ, സാധാരണ പൗരന്മാർക്ക് ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ആളുകളെ റിപ്പോർട്ട് ചെയ്യാൻ കഴിയും. കൂടാതെ ഇങ്ങനെ വിവരങ്ങൾ നൽകുന്നവ‍ക്ക് എല്ലാ മാസവും 50,000 രൂപ വരെ പ്രതിഫലം ലഭിക്കും.

പ്രഹരി ആപ്പ് എന്നാൽ

ഗതാഗത നിയമലംഘകരെ കുടുക്കാൻ ഡൽഹി ട്രാഫിക് പോലീസ് ആരംഭിച്ച ഒരു മൊബൈൽ ആപ്പാണ് പ്രഹരി. ഇത് നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ക്രമസമാധാന പാലനത്തിൽ സാധാരണക്കാരെക്കൂടി ഉൾപ്പെടുത്തുക എന്നതാണ് ഈ ആപ്പിന്‍റെ ലക്ഷ്യം. ഈ ആപ്പിലൂടെ, ഫോട്ടോ, തീയതി, സമയം, സ്ഥലം എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഗതാഗത നിയമലംഘകരെ റിപ്പോർട്ട് ചെയ്യാൻ കഴിയും.

റിപ്പോർട്ട് ചെയ്ത് എങ്ങനെ പണം സമ്പാദിക്കാം?

ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി പ്രഹരി ആപ്പ് ഡൗൺലോഡ് ചെയ്യുക. അതിനുശേഷം മൊബൈൽ നമ്പർ വഴി രജിസ്റ്റർ ചെയ്യുക. ഇനി ഏതെങ്കിലും ഗതാഗത നിയമലംഘനം നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. വ്യക്തമായ ഫോട്ടോ, തീയതി, സമയം, സ്ഥലം എന്നിവ സഹിതം വേണം റിപ്പോ‍ട്ടിംഗ്. ഈ റിപ്പോർട്ടിന്റെ ആധികാരികത ഡൽഹി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പരിശോധിക്കും. റിപ്പോർട്ട് ശരിയാണെന്ന് കണ്ടെത്തിയാൽ, നിയമലംഘകന് ഒരു ചലാൻ അയയ്ക്കുകയും റിപ്പോർട്ട് അയച്ച വ്യക്തിക്ക് പോയിന്‍റുകൾ ലഭിക്കുകയും ചെയ്യും.

എന്തൊക്കെ റിപ്പോർട്ട് ചെയ്യാൻ കഴിയും?

ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, റെഡ് സിഗ്നൽ മറികടക്കുക, തെറ്റായ വശത്തുകൂടി വാഹനം ഓടിക്കുക, മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുക തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാം. ഇതിനുപുറമെ, ഓവർലോഡിംഗ് അല്ലെങ്കിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ എന്നിവയും റിപ്പോർട്ട് ചെയ്യാം.

നിങ്ങൾക്ക് എത്ര പ്രതിഫലം ലഭിക്കും?

മികച്ച റിപ്പോർട്ടർമാരെ എല്ലാ മാസവും റാങ്ക് ചെയ്യുന്നു. ഇതിൽ ഒന്നാം റാങ്കുകാരന് 50,000 രൂപയും രണ്ടാം റാങ്കുകാരന് 25,000 രൂപയും ലഭിക്കും. ഇതിനുപുറമെ, മൂന്നാം റാങ്കുകാരന് 20,000 രൂപയും നാലാം റാങ്കുകാരന് 15,000 രൂപയും ലഭിക്കും. ഈ പദ്ധതി വളരെ വൈറലാണ് ഇപ്പോൾ. ആളുകൾ അവരുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ പോലും രൂപീകരിച്ചിട്ടുണ്ട്. അതായത് ഈ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളായ വളണ്ടിയർമാർ ഇപ്പോൾ പ്രദേശങ്ങൾ പരസ്‍പരം വിഭജിക്കും. പ്രദേശം അടിസ്ഥാനമാക്കിയുള്ള ഈ നിരീക്ഷണം ആളുകൾ പരസ്‍പരം ഓവർലാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നു. റിപ്പോർട്ടുകൾ ആവർത്തിക്കാതിരിക്കാനും എല്ലാവർക്കും പ്രയോജനം ലഭിക്കാനും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സഹായിക്കുന്നു. ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനുള്ള ഈ വൈറൽ രീതി തൊഴിലില്ലാത്ത വ്യക്തികൾക്ക് പ്രത്യേകിച്ചും സഹായകരമാണ്. പൊതു അച്ചടക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനൊപ്പം ഇത് മറ്റുള്ളവർക്ക് ഒരു വരുമാന മാർഗ്ഗം നൽകുന്നു.