ആലുവ: മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകളുള്ള 1998 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന് വയ്ക്കുന്നു. 1996 മുതല്‍ 2001 വരെ നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി ആയ കാലത്ത് ഉപയോഗിച്ച കാറാണിത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഈ കാറാണ് ഉപയോഗിച്ചത്. 

നാലാം വട്ടമാണ് ഇതേ കാര്‍ ലേലത്തിന് വയ്ക്കുന്നതെന്നതാണ് കൗതുകം. ഈ കാര്‍ നായാനാര്‍ കാര്‍ ആയതിനു പിന്നിലും ഒരു കഥയുണ്ട്. അംബാസഡർ കാറുകളെ സ്‍നേഹിച്ചിരുന്ന നായനാരെ അംബാസഡർ മാറ്റി ബെൻസാക്കാൻ ഉപദേശിച്ചതു കോൺഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ ഹൃദ്രോഗ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളെ കണക്കിലെടുത്തായിരുന്നു കരുണാകരന്‍റെ ഈ ഉപദേശം. 

എന്നാല്‍ 2001ല്‍ മുഖ്യമന്ത്രി കസേരയിലെത്തിയ എ കെ ആന്റണി ഈ ബെന്‍സ് കാര്‍ ഉപയോഗിച്ചില്ല. ഇതോടെ സംസ്ഥാനത്തെ അതിഥികളായി എത്തുന്ന വിഐപികളുടെ സഞ്ചാരത്തിനായി കുറേക്കാലം കാര്‍ ഉപയോഗിച്ചു. ഒടുവില്‍ ലക്ഷങ്ങള്‍ അറ്റകുറ്റപ്പണി ആകുമെന്ന അവസ്ഥയായപ്പോള്‍ കാറിന്‍റെ ഉപയോഗം അവസാനിപ്പിക്കുകയായിരുന്നു. 

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ഈ ബെന്‍സിനെ ആലുവയില്‍ എത്തിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി ഈ കാര്‍ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. 'നായനാരുടെ കാര്‍' എന്നാണ്  ടൂറിസം വകുപ്പില്‍ ഈ ബെന്‍സ് അറിയപ്പെടുന്നത്.  

രണ്ടുലക്ഷം രൂപ വിലയിട്ടു ലേലം ചെയ്‍തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാര്‍. 

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ചെളി കയറി എന്‍ജിന്‍ തകരാറിലായതിനാല്‍ ഇപ്പോള്‍ ഓടിക്കാനാകാത്ത അവസ്ഥയിലാണ്. വാഹനങ്ങള്‍ പൊളിച്ചു വില്‍പനക്കാരേ ഇനി ഈ കാര്‍ വാങ്ങാന്‍ സാധ്യതയുള്ളു എന്നതിനാലാണ് 'ഇരുമ്പു വില' കണക്കാക്കി നാലാം ലേലത്തിനു തുക നിശ്ചയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.