ഒറ്റവര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകള്‍

രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക് വാഹനമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നം. ഈ സ്വപ്‍നത്തിന് കരുത്തുപകരുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. വൈദ്യുതവാഹന വില്‍പ്പനയില്‍ രാജ്യം മുന്നോട്ടെന്നാണ് വാര്‍ത്തകള്‍. അതും ഒറ്റവര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകളാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒരെണ്ണംപോലും വിറ്റഴിക്കാതിരുന്നിടത്താണ് ഈ വര്‍ഷം വില്‍പ്പന ആറ് ലക്ഷം കടന്നതെന്നതാണ് കൗതുകം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓട്ടോറിക്ഷകളായിരിക്കും രാജ്യത്തെ നിരത്തുകളില്‍നിന്ന് ആദ്യം ഒഴിവാകുന്ന പെട്രാള്‍, ഡീസല്‍ വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉല്‍പാദനത്തിനും ഉപഭോഗത്തിനും മുന്‍ഗണന കിട്ടുന്നതെന്നാണ് നിരീക്ഷണം. 

ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ മാത്രമല്ല എല്ലാത്തരത്തിലുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലും ഈ വര്‍ഷം വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ആകെ 56,000ല്‍ നിന്നും 7,59,000 ആയി ഉയര്‍ന്നു. അതായത് 130 ശതമാനത്തോളമാണ് വര്‍ധന.

2017-18 സാമ്പത്തികവര്‍ഷത്തില്‍ 54,800 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിറ്റപ്പോള്‍ 2018-19ല്‍ ഇത് 1,26,000 ആയി ഉയര്‍ന്നു. നാലുചക്രവാഹനങ്ങള്‍ 1200-ല്‍ നിന്നും 3600 ആയും ഉയര്‍ന്നെന്നാണ് കണക്കുകള്‍.