ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒഖിനാവ ഡീലര്‍ഷിപ്പുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. 2015-ലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒഖിനാവ വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 150 ഡീലര്‍ഷിപ്പുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2020 അവസാനത്തോടെ 500-ല്‍ അധികം ഡീലര്‍ഷിപ്പുകളായി ശൃംഖല ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

ഡീലര്‍ഷിപ്പിനൊപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനവും വര്‍ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്.

ഇത് 75,000 യൂണിറ്റ് മുതല്‍ ഒരു ലക്ഷം യൂണിറ്റ് വരെ ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. പുതിയ നിക്ഷേപം നടത്തുന്നതിനൊപ്പം രാജസ്ഥാനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പ്ലാന്റ് തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

പുതിയ പ്ലാന്റിനൊപ്പം രാജ്യത്ത് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡീലര്‍ഷിപ്പ് മാര്‍ജിന്‍ എട്ട് ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചു.  പ്രെയ്‍സ്, റി‍ഡ്‍ജ്, റിഡ്‍ജ് പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുന്നതാണ് ഒഖിനാവയുടെ വാഹന നിര.