Asianet News MalayalamAsianet News Malayalam

ഇ-ചാര്‍ജിങ്ങുമായി വൈദ്യുതി ബോര്‍ഡ്; 100 രൂപയ്ക്ക് ഫുള്‍ ചാര്‍ജ്ജിംഗ്

 വൈദ്യുത വാഹനങ്ങള്‍ക്കായി സംസ്ഥാനത്ത്  ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ്

Electric vehicle charging stations by electricity bord
Author
Trivandrum, First Published Nov 10, 2019, 12:38 PM IST

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക്. ഇപ്പോഴിതാ വൈദ്യുത വാഹനങ്ങള്‍ക്കായി സംസ്ഥാനത്ത്  ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി വൈദ്യുതി ബോര്‍ഡാണ് മുന്‍കൈയ്യെടുക്കുന്നത്. കേന്ദ്രസഹായത്തോടെയാണ് പദ്ധതി. 

സംസ്ഥാനത്ത് 70 ഓളം ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് ബോര്‍ഡ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ ആറു സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇത് ബോര്‍ഡിന്‍റെ സ്വന്തമായിരിക്കും. എന്നാല്‍ രണ്ടാംഘട്ടത്തില്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ചാവും പദ്ധതി. ഇങ്ങനെ 64 ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക.   വൈദ്യുതിബോര്‍ഡാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ കെ.എസ്.ഇ.ബിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്യാന്‍ 20 യൂണിറ്റ് ആകുമെന്നും യൂണിറ്റിന് അഞ്ചുരൂപ വച്ച്  കണക്കാക്കിയാല്‍ ഒരു സാധാരണ കാറിന്റെ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ 100 രൂപയോളം ചിലവു വരുമെന്നാണ് കണക്ക്. 

ഒരു രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒന്നരക്കിലോമീറ്റര്‍ വാഹനം ഓടിക്കാനാകും. ഇപ്പോള്‍ നിരത്തിലുള്ള വൈദ്യുതക്കാറിന്റെ ബാറ്ററി ശേഷി 14 കിലോവാട്ട് അവര്‍ ആണ്. ഒരു തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ ഓടിക്കാം. 

ആദ്യഘട്ടത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓലൈ (കൊല്ലം), 110 കെ.വി. സബ് സ്റ്റേഷന്‍, കലൂര്‍ (എറണാകുളം), 110 കെ.വി. സബ് സ്റ്റേഷന്‍ വിയ്യൂര്‍ (തൃശ്ശൂര്‍), 220 കെ.വി. സബ് സ്റ്റേഷന്‍ നല്ലളം (കോഴിക്കോട്), 110 കെ.വി. സബ് സ്റ്റേഷന്‍ ചൊവ്വ (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ തുടങ്ങുക. 1.68 കോടി രൂപയാണ് ഇതിനുള്ള ചെലവ്. 

സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് തുടങ്ങുന്ന ചാര്‍ജിങ് സ്റ്റേഷനുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദേശീയ-സംസ്ഥാന പാതയോരത്തുള്ള കെ.എസ്.ഇ.ബി.യുടെ സബ്ബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒരുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര നിര്‍ദേശം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Follow Us:
Download App:
  • android
  • ios