Asianet News MalayalamAsianet News Malayalam

ഈ വാഹനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വക 10,000 കോടി

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. 

Electric vehicle policy of central government
Author
Delhi, First Published Mar 5, 2020, 2:46 PM IST

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള രണ്ടാംഘട്ട പദ്ധതിക്ക് 10,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2022 ആകുമ്പോള്‍ 7000 ഇലക്ട്രിക് ബസുകള്‍, അഞ്ചുലക്ഷം ഇ-ത്രിചക്ര വാഹനങ്ങള്‍, 55,000 ഇ-കാറുകള്‍, 10 ലക്ഷം ഇ-ഇരുചക്രവാഹനങ്ങള്‍ എന്നിവ നിരത്തിലിറക്കുകയാണ് ലക്ഷ്യം.

പൊതുഗതാഗത വാഹനങ്ങള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കായി നേരത്തേ ബുക്കുചെയ്യുന്ന ത്രിചക്ര, നാലുചക്ര വാഹനങ്ങള്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ ഊന്നല്‍നല്‍കുക. ആദ്യഘട്ട പദ്ധതിയില്‍ 2.8 ലക്ഷം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. 

425 ഇലക്ട്രിക്-ഹൈബ്രിഡ് ബസുകള്‍ വിവിധ നഗരങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. 500 ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാനും അനുമതിനല്‍കിയിരുന്നു. രണ്ടാംഘട്ടത്തില്‍ 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

ഇലക്ട്രിക് വാഹനങ്ങൾക്കായി രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 62 നഗരങ്ങളിലായി 2636 ചാർജിംഗ് സ്റ്റേഷനുകൾ തുറക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി.

രണ്ടാം ഘട്ട ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് & ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിയുടെ ഭാഗമായാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2,636 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നതെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

2,636 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 1,633 എണ്ണം അതിവേഗ ചാര്‍ജിംഗ് സ്‌റ്റേഷനുകളും 1,003 എണ്ണം സാധാരണ ചാര്‍ജിംഗ് സ്റ്റേഷനുകളും ആയിരിക്കും. ഇത്രയും ചാര്‍ജിംഗ് സ്റ്റേഷനുകളിലായി 14,000 ഓളം ചാര്‍ജറുകളാണ് സജ്ജീകരിക്കുന്നത്.

മുഴുവന്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളും പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ച ഉപയോക്താക്കളുടെ ആശങ്ക ഒരു പരിധി വരെ ഇല്ലാതാകുമെന്ന് മന്ത്രി അവകാശപ്പെട്ടു. മാത്രമല്ല, വിവിധ വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ചാര്‍ജിംഗ് സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ മടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ 131 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കാണ് അനുമതി. ഡെല്‍ഹിയില്‍ 72 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഘനവ്യവസായ മന്ത്രാലയം താല്‍പ്പര്യപത്രം ക്ഷണിച്ചിരുന്നു. 106 താല്‍പ്പര്യപത്രങ്ങളാണ് ആകെ ലഭിച്ചത്. ഇതില്‍നിന്ന് 2,636 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 19 പൊതു സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു.

ഫെയിം ഇന്ത്യ എന്ന പേര് നൽകിയിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ 131 ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് ഇവ ആരംഭിക്കുന്നത്. ഇതിൽ 1633 എണ്ണം അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ ആയിരിക്കും.

ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലാണ് ആരംഭിക്കുക, 317 എണ്ണം. ആന്ധ്ര – 266 , തമിഴ്നാട് – 256 , ഗുജറാത്ത് – 228, രാജസ്ഥാൻ – 205, ഉത്തർപ്രദേശ് – 207 , കർണാടകം – 172 , മധ്യപ്രദേശ് – 159 , ബംഗാൾ – 141 , തെലുങ്കാന – 138 , ഡൽഹി – 72 , ചണ്ഡീഗഡ് – 70 , ഹരിയാന – 50 , മേഘാലയ – 40 , ബീഹാർ – 37 , സിക്കിം – 29 , ജമ്മു, ശ്രീനഗർ, ഛത്തീസ്ഗഡ് – 25 വീതം, ആസാം – 20 ഒഡിഷ – 18 , ഉത്തരാഘണ്ഡ്, പുതുച്ചേരി, ഹിമാചൽ പ്രദേശ് – 10 വീതം എന്നിങ്ങനെയാണ് സ്റ്റേഷനുകൾ തുറക്കുക.

Follow Us:
Download App:
  • android
  • ios