തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കായി വൈദ്യുത കാറുകൾ വാങ്ങാന്‍ കേരളം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വൈദ്യുത വാഹന നയത്തിനു പിന്നാലെയാണ് പുതിയ നീക്കം. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടിയുള്ള ഐടി സെക്രട്ടറിക്കു വേണ്ടി സർക്കാർ ആദ്യ ഇ–കാർ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടാറ്റയുടെ ടിഗോറിന്‍റെ ഇലക്ട്രിക് പതിപ്പാണ് ഐടി സെക്രട്ടറിക്കു വേണ്ടി സ്വന്തമാക്കിയ സര്‍ക്കാരിന്‍റെ ആദ്യത്തെ ഇ - കാര്‍.  മൂന്നു മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഈ കാറിനു 12 ലക്ഷത്തോളം രൂപയാണു വില. രണ്ട് ദിവസം കൂടുമ്പോഴാണ് വാഹനം ചാർജ്ജ് ചെയ്യേണ്ടത്. ദീർഘദൂരയാത്രയ്ക്ക് ബുദ്ധിമുട്ടായതിനാൽ തലസ്ഥാനത്തെ യാത്രകൾക്കാണ് ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുകയെന്നാണ് സൂചന. 

വൈദ്യുത വാഹന നയത്തിനു കരുത്തുപകരാന്‍ സെക്രട്ടറിയേറ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാർജിങ് ബൂത്തും സ്ഥാപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.