രാജ്യമെമ്പാടുമുള്ള നിരത്തുകള്‍ വൈദ്യുതിയിലേക്ക് മാറ്റുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയാണ് ഫെയിം പദ്ധതിയുടെ ലക്ഷ്യം. മോട്ടോര്‍ വാഹന ആക്ട് അനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്തിയ ഇരുചക്ര, മുച്ചക്ര, ബസുകള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.

ദില്ലി: രാജ്യത്തെ വൈദ്യുത വാഹന വിപണിയില്‍ 36 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ എനര്‍ജി സ്‌റ്റോറേജ് അലയന്‍സ് (ഐഇഎസ്എ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതിയാണ് 2019-2026 കാലയളവില്‍ വിപണിയില്‍ മികച്ച ഉണര്‍വുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മിതിയും നടപ്പാക്കലും അതിവേഗത്തിലാക്കാന്‍ പിന്തുണ നല്‍കുന്ന പദ്ധതിയാണ് ഫെയിം 2. 2018ല്‍ ഇലക്ട്രിക് വാഹന വിപണിയിലുണ്ടായ മൊത്തം വില്‍പ്പന 365,920 യൂണിറ്റുകളാണ്. ഇത് 2026 ആകുമ്പോഴും 36 ശതമാനം വര്‍ധിക്കുമെന്നാണ് ഐഇഎസ്എ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

കഴിഞ്ഞ വര്‍ഷം ബാറ്ററി വിപണി 520 മില്യണ്‍ ഡോളറായിരുന്നത് 2026 ആകുമ്പോഴേക്കും 30 ശതമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വിപണിയാണ് പഠനത്തിന് ആധാരമാക്കിയിരിക്കുന്നത്. 2018ല്‍ ആയിരത്തോളം ചാര്‍ജ്ജറുകള്‍ വില്‍പ്പന നടന്ന വിപണിയില്‍ 2026 ആകുമ്പോഴും 50,000 യൂണിറ്റായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു.

എനര്‍ജി സ്റ്റോറേജ് മാന്യുഫാക്‌ചേഴ്‌സ്, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പുനരുപയോഗ ഊര്‍ജ്ജ കമ്പനികള്‍, പവര്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 96 ഓഹരിയുടമകളാണ് ഐഇഎസ്എയില്‍ അംഗങ്ങളായുള്ളത്. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് മതിയായ പ്രോത്സാഹനം നല്‍കുന്നതിനായുളള ഫെയിം 2 പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 9634 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്.

15 ലക്ഷത്തിലേറെ വാഹനങ്ങള്‍ക്ക് മൂന്നു വര്‍ഷം നീളുന്ന രണ്ടാം ഘട്ടത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാണ് നീക്കം. വാഹനങ്ങള്‍ക്ക് 20,000 രൂപ വരെ സബ്‌സിഡി നല്‍കുന്നതിനൊപ്പം രജിസ്‌ട്രേഷന്‍ നിരക്ക്, പാര്‍ക്കിംഗ് ഫീസ് എന്നിവയില്‍ ഇളവും കുറഞ്ഞ തോതിലുള്ള ടോള്‍ നിരക്കും പരിഗണനയിലുണ്ട്. 

രാജ്യമെമ്പാടുമുള്ള നിരത്തുകള്‍ വൈദ്യുതിയിലേക്ക് മാറ്റുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയാണ് ഫെയിം പദ്ധതിയുടെ ലക്ഷ്യം. മോട്ടോര്‍ വാഹന ആക്ട് അനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്തിയ ഇരുചക്ര, മുച്ചക്ര, ബസുകള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.