Asianet News MalayalamAsianet News Malayalam

നിരത്തിലെത്തും മുമ്പേ പുത്തന്‍ വണ്ടിയിലിരുന്ന് നാട്ടുകാരോട് 'ഹായ്' പറഞ്ഞൊരു വണ്ടിക്കമ്പനി മുതലാളി!

വണ്ടിയുമായി ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ തൊട്ടടുത്ത വാഹനത്തിൽ വന്ന വ്യക്തിക്ക് ഹായ് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.   

Elon Musk on Tesla Cybertruck
Author
USA, First Published Jan 31, 2020, 5:20 PM IST
  • Facebook
  • Twitter
  • Whatsapp

ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ ആദ്യത്തെ പിക്കപ്പ് ട്രക്ക് 2019 നവംബര്‍ അവസാനവാരമാണ് അവതരിപ്പിക്കുന്നത്. സൈബര്‍ ട്രക്ക് എന്നുപേരുള്ള ഈ വാഹനം  ലക്ഷങ്ങള്‍ ബുക്കിംഗുമായി കുതിക്കുകയാണ്. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സൈബര്‍ട്രക്കും ടെസ്‍ല സിഇഒ ഇലോണ്‍ മസ്‍കും. സൈബർട്രക്കുമായി ഒരു റൈഡിന് ഇറങ്ങിയാണ് ടെസ്‍ല മുതലാളി സോഷ്യല്‍ മീഡിയയിലെ താരമായത്. 

വണ്ടിയുമായി ട്രാഫിക്ക് ബ്ലോക്കിൽ പെട്ട് കിടക്കുമ്പോൾ തൊട്ടടുത്ത വാഹനത്തിൽ വന്ന വ്യക്തിക്ക് മസ്‍ക് ഹായ് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

എലോൺ മസ്‌ക് സ്ഥാപിച്ച എയ്റോസ്പേസ് സ്ഥാപനമായ സ്പേസ്എക്‌സ് കമ്പനിയുടെ ആസ്ഥാനത്തേക്ക് പോകുംവഴിയാണ് ഗോർജസ് എറിക്ക എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉള്ള വ്യക്തിയോട് ഹായ് പറഞ്ഞത്. “There you go, Jay Leno and Elon cruising down Crenshaw in this … car,” എന്ന് ഗോർജസ് എറിക്ക വിഡിയോയിൽ പറയുന്നുണ്ട്. 

വാഹനം ഓടിച്ചത് ഇലോൺ മസ്‍ക് അല്ല, ലോകപ്രശസ്‍ത അമേരിക്കൻ കോമേഡിയനും അഭിനേതാവും എഴുത്തുകാരനും അവതാരകനുമൊക്കെയായ ജെയ് ലെനോ ആണ് ഡ്രൈവിംഗ് സീറ്റിൽ. പുത്തൻ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന Jay Leno's Garage എന്ന ടിവി ഷോയുടെ ഷൂട്ടിന്റെ ഭാഗമായാണ് സൈബർട്രക്കുമായി ഇലോണ്‍ മസ്‍ക് യാത്രക്കിറങ്ങിയത്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

മൂന്ന് വകഭേദങ്ങളിലാണ് ടെസ്‌ല സൈബര്‍ട്രക്ക് വിപണിയിലെത്തുന്നത്. സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 39,900 ഡോളറാണ് വില. 

ഇരട്ട ഇലക്ട്രിക് മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് രണ്ടാമത്തെ വേരിയന്റ്. 482 കിലോമീറ്ററാണ് ഇതിന്‍റെ റേഞ്ച്. 49,900 ഡോളറാണ് വില. മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ സഹിതം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെ വരുന്നതാണ് ടോപ് വേരിയന്റ്. സിംഗിള്‍ ചാര്‍ജില്‍ 800 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാം. 69,000 യുഎസ് ഡോളറാണ് വില.

ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ് (250 മൈല്‍). 7500 പൗണ്ട് ഭാരവാഹക ശേഷിയുണ്ട് ഇതിന്. 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ ബേസ് മോഡലിന് സാധിക്കും. 

300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണ്. 10,000 പൗണ്ട് ഭാരവാഹക ശേഷിയുണ്ടിതിന്.  4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്താം. ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

പരമ്പരാഗത പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്‌ല ട്രക്കിന്റെ പ്രത്യേകത. ഭാവിയിലെ കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപശൈലിയിലാണ് സൈബര്‍ ട്രക്ക്. വളരെ ദൃഢതയേറിയ കോള്‍ഡ് റോള്‍ഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് സൈബര്‍ട്രക്കിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. 

അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം.  പിന്നിലെ വലിയ ലഗേജ് സ്‌പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.  

എല്ലാ ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ക്കുമായി 17 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് നല്‍കിയിരിക്കുന്നു. കാര്‍ഗോ കൊണ്ടുപോകുന്നതിനുള്ള ഭാഗത്തിന് 6.5 അടി നീളമുണ്ട്. ഏകദേശം നൂറ് ഘനയടിയാണ് സംഭരണ ഇടം. 6.5 ഫീറ്റ് നീളമുള്ള വാഹനത്തില്‍ ആറ് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം.

2016 ല്‍ ടെസ്‌ലയുടെ മോഡല്‍ 3 സെഡാന്‍ സ്ഥാപിച്ച റെക്കോര്‍ഡിലേക്കാണ് ബുക്കിംഗില്‍ സൈബര്‍ ട്രക്ക് കുതിക്കുന്നത്. 2017 ല്‍ വില്‍പ്പന ആരംഭിക്കുന്നതിനു മുന്നേ 4.55 ലക്ഷം ബുക്കിംഗ് കരസ്ഥമാക്കിയതാണ് ടെസ്‌ല മോഡല്‍ 3 സെഡാന്‍റെ റെക്കോര്‍ഡ്.

എന്തായാലും 2021 അവസാനത്തോടെ മാത്രമേ സൈബര്‍ട്രക്കിന്റെ ഉല്‍പ്പാദനം ടെസ്‌ല ആരംഭിക്കൂ. 2022 തുടക്കത്തില്‍ വാഹനം ഉപഭോക്താക്കളുടെ കൈകളിലേക്കെത്തും. അപ്പോഴേക്കും ബുക്കിംഗ് നില എന്താവുമെന്ന അങ്കലാപ്പും വാഹനലോകത്തുണ്ട്. 

Follow Us:
Download App:
  • android
  • ios