ഉടനേയൊന്നും ഇലക്ട്രോണിക വാഹന നിർമ്മാതാക്കളിലെ പ്രമുഖരായ ടെസ്ല രാജ്യത്ത് നിർമ്മാണ യൂണിറ്റ് ആരംഭിച്ചേക്കില്ലെന്നുമാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്

ബെംഗളൂരു: ടെസ്ല ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് ആരംഭിച്ചേക്കില്ലെന്ന് കേന്ദ്ര വൻകിട വ്യവസായ ഉരുക്ക് വകുപ്പ് മന്ത്രി കുമാരസ്വാമി. ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് ഇന്ത്യയിൽ നിർമ്മാണത്തിന് താൽപര്യമില്ലെന്നാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്. ഇറക്കുമതി ചെയ്ത വാഹനങ്ങൾ വിൽക്കാനുള്ള ഷോ റൂമുകളിൽ മാത്രമാണ് ടെസ്ലയ്ക്ക് താൽപര്യമെന്നും കേന്ദ്ര മന്ത്രി തിങ്കളാഴ്ച വിശദമാക്കി. ഉടനേയൊന്നും ഇലക്ട്രോണിക വാഹന നിർമ്മാതാക്കളിലെ പ്രമുഖരായ ടെസ്ല രാജ്യത്ത് നിർമ്മാണ യൂണിറ്റ് ആരംഭിച്ചേക്കില്ലെന്നുമാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്. 

ഇന്ത്യ ഉടൻ തന്നെ ഇലക്ട്രിക് വാഹന നിർമ്മാണ നയത്തിന് കീഴിൽ നിർമ്മാതാക്കളെ ക്ഷണിക്കുമെന്നും മന്ത്രി വിശദമാക്കി. മെർസിഡീസ് ബെൻസ്, സ്കോഡ, ഫോക്സ്വാഗൻ, കിയ, ഹ്യണ്ടയ് അടക്കമുള്ള വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന നിർമ്മാണത്തിന് ഇന്ത്യയിൽ താൽപര്യം കാണിച്ചതായും കേന്ദ്ര മന്ത്രി കുമാരസ്വാമി വിശദമാക്കി. ഇലക്ട്രിക വാഹന നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന നയം ഉടൻ തന്നെ ഇന്ത്യയിൽ ആരംഭിക്കുമെന്നും കുമാരസ്വാമി വിശദമാക്കി. 

നികുതി ഇളവ് അടക്കം വലിയ വാഗ്ദാനങ്ങളാണ് വിദേശ വാഹന നിർമ്മാതാക്കൾക്ക് ഇലക്ട്രിക് വാഹന നിർമ്മാണത്തിന് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ നയത്തിന് കീഴിൽ രാജ്യത്ത് ഇലക്ട്രിക് വാഹന നിർമ്മാണ യൂണിറ്റുകൾക്കായി നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് വലിയ നേട്ടമാണുള്ളത്. ഫെബ്രുവരിയിൽ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള ടെസ്ലയുടെ പദ്ധതികളെ തികച്ചും അന്യായമെന്നാണ ട്രംപ് നിരീക്ഷിച്ചത്. അടുത്തിടെയാണ് ടെസ്ല ഇന്ത്യയിൽ ഷോറൂമിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഉടൻ തന്നെ രാജ്യത്ത് ടെസ്ല ലോഞ്ച് ചെയ്യുമെന്നതിന്റെ സൂചനകളായിരുന്നു ടെസ്ല നൽകിയിരുന്നത്. എന്നാൽ ഇത് ഉടനെയുണ്ടാവില്ലെന്നാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്. 

ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതിന് ഇറക്കുമതി തീരുവയെ ആയിരുന്നു നേരത്തെ മസ്ക് പഴിച്ചികുന്നത്. 2025ന്റെ ആദ്യ പകുതിയോടെ ഇന്ത്യയിൽ 24000 ഡോളറിന് താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്നായിരുന്നു മസ്ക് ജനുവരിയിൽ പറഞ്ഞിരുന്നത്. അടുത്തിടെ കമ്പനി ഇന്ത്യയിൽ മോഡൽ Y, മോഡൽ 3 എന്നിവയ്ക്കുള്ള ഹോമോലോഗേഷൻ അപേക്ഷകൾ ഫയൽ ചെയ്തിരുന്നു. ഇന്ത്യയിൽ പുതിയ കാർ പുറത്തിറക്കുന്നതിനു മുമ്പുള്ള അവസാന ഘട്ടങ്ങളിലൊന്നാണ് ഹോമോലോഗേഷൻ. ഇന്ത്യയിൽ നിർമ്മിച്ചതോ, ഇന്ത്യയിൽ അസംബിൾ ചെയ്തതോ, കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) വഴി ഇന്ത്യയിലേക്ക് കൊണ്ടുവന്നതോ ആയ എല്ലാ കാറുകൾക്കും ഇത് ബാധകമാണ്. മുംബൈയിലും പൂനെയിലും വിവിധ തസ്തികകളിലേക്കുള്ള ജോലി ഒഴിവിലേക്കും കമ്പനി അപേക്ഷകളും ക്ഷണിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം