Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാന്‍റെ മൂക്കിനുകീഴെ നടുറോഡില്‍ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം, ഇത് ചരിത്രം!

പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെയായിരുന്നു ഇന്ത്യന്‍ വ്യോമസേന പുതിയ ചരിത്രം കുറച്ചത്

Emergency landing strip on NH for IAF near Pak border
Author
Delhi, First Published Sep 10, 2021, 9:10 AM IST

ന്ത്യയുടെ പ്രതിരോധ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് രണ്ട് കേന്ദ്രമന്ത്രിമാരുമായി ദേശീയപാതയിലേക്ക് ആ യുദ്ധവിമാനം പറന്നിറങ്ങിയത്. പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെയായിരുന്നു ഇന്ത്യന്‍ വ്യോമസേന പുതിയ ചരിത്രം കുറിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേശീയപാതയിലെ ആദ്യ എയർസ്ട്രിപ്പ് രാജ്യത്തിന് സമർപ്പിച്ച ചടങ്ങാണ് രാജ്യത്തിന്‍റെ പ്രതിരോധ ചരിത്രത്തിന്‍റെ പുതിയ ഏടായത്. അടിയന്തര ലാന്‍ഡിങ് സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായിട്ടാണ്  പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ്ങും ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിയും രാജസ്ഥാനിലെ ബാമേറിലെ  ദേശീയപാത 925 എയിലേക്ക് പറന്നിറങ്ങിയത്. വ്യോമസേനയുടെ സി. 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനമാണ് കേന്ദ്രമന്ത്രിമാരുമായി ഹൈവേയില്‍ ഇറങ്ങിയത്. 

രാജ്യത്തിന്‍റെ വ്യോമതാവളങ്ങള്‍ ശത്രുസേനകള്‍ ആക്രമിച്ചാല്‍, പകരം റണ്‍വേകളായി ദേശീയപാതകളെ ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റണ്‍വേ ഒരുക്കിയിട്ടുള്ളത്. ദേശീയപാത അതോറിറ്റിയും വ്യോമസേനയും സംയുക്തമായിട്ടാണ് ഈ നീക്കത്തിനു പിന്നില്‍. മൂന്നു കിലോമീറ്റര്‍ നീളവും 33 മീറ്റര്‍ വീതിയുമുള്ള റണ്‍വേയുടെ വശങ്ങളില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.  രാജസ്ഥാനിലെ കൂടാതെ ബംഗാളിലും ജമ്മുകശ്‍മീരിലും ആന്ധ്രയിലുമടക്കം രാജ്യത്ത് ഇത്തരത്തില്‍ 28 റണ്‍വേകള്‍ ഒരുങ്ങും. ഇത്തരം ദേശീയ പാതകളില്‍ വാഹനഗതാഗതം പതിവുപോലെ അനുവദിക്കുമെങ്കിലും വ്യോമസേനയ്ക്ക് ആവശ്യം വന്നാല്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏതുവെല്ലുവിളിയും നേരിടാൻ രാജ്യം പര്യാപ്‍തമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ രാജ്‍നാഥ് സിങ്  പറഞ്ഞു. "അന്താരാഷ്ട്ര അതിർത്തിക്കടുത്ത് എയർസ്ട്രിപ്പ് സജ്ജമാക്കിയതിലൂടെ നമ്മളൊരു സന്ദേശമാണ് നൽകുന്നത്. ഐക്യത്തിനും നാനാത്വത്തിനും പരമാധികാരത്തിനും വേണ്ടി എന്തുവിലകൊടുത്തും നമ്മള്‍ ഒന്നിച്ചുനിൽക്കുമെന്ന സന്ദേശം" -അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്ത് 12 ദേശീയപാതകളിൽ ഇത്തരത്തിൽ എയർസ്ട്രിപ്പുകൾ നിർമിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. ഒന്നരവർഷംകൊണ്ട് എയർസ്ട്രിപ്പ് നിർമിക്കാനാണ് വ്യോമസേന ആവശ്യപ്പെട്ടതെന്നും എന്നാൽ, 15 ദിവസംകൊണ്ട് നിർമിച്ചുനൽകാൻ ദേശീയപാതാ അതോറിറ്റി സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ, സംയുക്തസേനാമേധാവി ബിപിൻ റാവത്ത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios