കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ചിത്രമുണ്ട്. ഒരു ഫെറാറി ആഡംബര കാറിനു മുകളിലേക്ക് ഒരു ട്രക്ക് ഇടിച്ചുകയറിക്കിടക്കുന്നു. ഫെറാരിയുടെ പ്രശസ്‍തമായ 4-സീറ്റ് ഗ്രാൻഡ് ടൂറർ ജിടിസി4ലുസോ മോഡലും ഒരു ട്രക്കുമാണ് ചിത്രത്തിലെ താരങ്ങള്‍. 

കാനഡയില്‍ നടന്നു എന്ന് പറയപ്പെടുന്ന ഈ അപകടത്തിന്‍റെ പിന്നിലെ കഥകള്‍ കൗതുകകരമാണ്. പലവിധത്തിലുള്ള കഥകളാണ് ഈ സംഭവത്തെപ്പറ്റി പ്രചരിക്കുന്നത്. ഡ്രൈവർമാർക്കുള്ള ശമ്പളം കമ്പനി ഉടമ പിടിച്ചു വച്ചതിന്‍റെ ബാക്കി പത്രമാണ് ഈ അപകടം എന്നാണ് അതിലൊന്ന്. ശമ്പളം വൈകിയതിനെ തുടര്‍ന്ന് ക്ഷമ നശിച്ച ഒരു തൊഴിലാളി താൻ ഓടിച്ചിരുന്ന ട്രക്ക് മുതലാളിയുടെ ഫെറാറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവത്രെ.

എന്നാല്‍ ട്രക്ക് ഡ്രൈവറെ പിരിച്ചു വിടാൻ കമ്പനി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണം എന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മൂന്നാമത്തെ വാദം ഇങ്ങനെയാണ്. കമ്പനിയുടെ വകയായി ഈ വർഷം ഒരു വോൾവോ ട്രക്ക് ഡ്രൈവർക്ക് വാങ്ങിനൽകും എന്ന് വാഗ്ദാനം നല്‍കിയിരുന്നുവത്രെ. എന്നാല്‍ കൊവിഡ് 19നെ തുടര്‍ന്നുണ്ടായ പ്രതികൂല സാമ്പത്തിക സ്ഥിതിയുടെ പശ്ചാത്തലത്തിൽ കമ്പനി ഈ വാഗ്ദാനത്തിൽ നിന്നും പിന്മാറി. ഇതാണ് മുതലാളിയുടെ കാറിനു മുകളിലൂടെ ട്രക്ക് ഓടിച്ചു കയറ്റാൻ ഡ്രൈവറെ പ്രേരിപ്പിച്ചത് എന്നാണ് മൂന്നാമത്തെ വാദം. എന്തായാലും ട്രക്ക് കയറിയ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചിത്രങ്ങള്‍ തെളിയിക്കുന്നു. 

4 സീറ്റർ ഗ്രാൻഡ് ടൂറെർ മോഡൽ ആയ ജിടിസി4ലുസോ 2017-ലാണ് ഇന്ത്യയിൽ എത്തുന്നത്. ജിടിസി4ലുസോ, ജിടിസി4ലുസോ ടി എന്നിങ്ങനെ രണ്ട് എഞ്ചിന്‍ വകഭേദങ്ങളുണ്ട് വാഹനത്തിന്. ജിടിസി4ലുസോയില്‍ 6,262സിസി വി12 എൻജിൻ  680 എച്ച്പി ഔട്ട്പുട്ട് ആണ് ഉല്‍പ്പാദിപ്പിക്കുന്നത്. 3.9 ലിറ്റർ ടർബോചാർജ്‍ഡ് വി8 എഞ്ചിനുള്ള ജിടിസി4ലുസോ ടിയ്ക്ക് 610 എച്ച്പി പവറും 760 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാനാകും.  കേവലം 3.4 സെക്കൻഡിനുള്ളിൽ വാഹനം പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത ആര്‍ജ്ജിക്കും. മണിക്കൂറിൽ 335 കിലോമീറ്റർ ആണ് പരമാവധി വേഗത.  ജിടിസി4ലുസോയ്ക്ക് Rs 5.2 കൊടിയും ജിടിസി4ലുസോ ടി വകഭേദത്തിന് Rs 4.2 കോടിയുമാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.