സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ സ്വന്തമാക്കി ബോളീവുഡ് സൂപ്പര്‍ താരം ഇമ്രാന്‍ ഹാഷ്‍മി. മഞ്ഞ നിറത്തിലുള്ള ലംബോർഗിനി ഹുറാകാൻ ഓടിക്കുന്ന ഇമ്രാന്‍ ഹാഷ്‍മിയുടെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

വേറിട്ട ട്യൂണിങ്ങിലുള്ള ഒരേ എൻജിനോടെയാണ് ലംബോർഗിനി ഹുറാകാൻ വകഭേദങ്ങളെല്ലാം വിൽപ്പനയ്ക്കെത്തിക്കുന്നത്. കൂപ്പെ, സ്പൈഡർ ബോഡിക്കു പുറമെ ഓൾ വീൽ ഡ്രൈവ് (എൽ പി 610-4), റിയർ വീൽ ഡ്രൈവ് (എൽ പി 580 — 2), പെർഫോമെന്റെ (എൽ പി 640 — 4), ഹുറാകാൻ പെർഫേമെന്റെ സ്പൈഡർ എന്നീ വകഭേദങ്ങളാണ് ഹുറാകാനുള്ളത്. 

5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ കാറുകളുടെ ഹൃദയം. ഹുറാകാൻ എൽ പി 610– 4ൽ 602 ബി എച്ച് പി കരുത്തും എൽ പി 580–2ൽ 572 ബി എച്ച് പി കരുത്തും ഈ എൻജിൻ സൃഷ്ടിക്കും.  എന്നാല്‍ പെർഫോമെന്റെയില്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്‍മിഷനാണ് എല്ലാ വകഭേദത്തിലും ഗീയർബോക്സ്. പൂജ്യത്തിൽ നിന്ന് 100  കിലോമീറ്റർ വേഗത്തിലെത്താൻ വെറും 2.9 സെക്കന്റുകൾ മാത്രം മതിയാകും. 

ഹുറാകാന്റെ ഏതു മോഡലാണ് ഇമ്രാന്‍ ഹാഷ്‍മി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.