മാരുതിയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ (എംപിവി) എര്‍ട്ടിഗയുടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി സൂചന. കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ പിന്‍വലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരുതിയുടെ നിരവധി മോഡലുകളില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ വില്‍പ്പനയാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഈ എഞ്ചിന്‍ ബിഎസ് 6ലേക്ക് കമ്പനി നവീകരിച്ചിട്ടില്ല. 194 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡീസല്‍ പതിപ്പില്‍ 25.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി അവകാശപെട്ടിരുന്നു.

രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങള്‍ പ്രബല്യത്തില്‍ വരുന്നതോടെ ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മാരുതി അറിയിച്ചിരുന്നു. ഏപ്രില്‍ ഒന്നു മുതലാണ് രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങള്‍ പ്രബല്യത്തില്‍ വരുന്നത്. 

2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും വന്‍ അഴിച്ചുപണികളോടെ അവതരിപ്പിച്ച ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്.   VDi, ZDi, ZDi പ്ലസ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 9.86 ലക്ഷം രൂപ മുതല്‍ 11.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 

മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്.

കൂടുതൽ വലുപ്പവും കൂടുതൽ ഫീച്ചേഴ്സും ഉൾക്കൊള്ളിച്ച ഈ വാഹനം വളരെ പെട്ടന്ന് തന്നെ വിപണി കയ്യടക്കുകയും ചെയ്തു. പുത്തൻ രൂപകല്പനയിൽ വിപണിയിൽ എത്തിച്ച  ഈ വാഹനത്തിൽ LED DRL, ഫ്ലോട്ടിങ് റൂഫ് ഡിസൈൻ, ടച്ച്‌ സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, പുത്തൻ ഡാഷ്‌ബോർഡ്, കൂടുതൽ ലെഗ്‌റൂം, ഹെഡ്‍റൂം മുതലായവ  നൽകിയിട്ടുണ്ട്. ഗ്ലോബൽ NCAP  ക്രാഷ് ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിങ്ങും എർട്ടിഗ സ്വന്തമാക്കി. 

അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ പ്രകാരം മാരുതി എർട്ടിഗക്ക്  2019 ഫെബ്രുവരിയെക്കാള്‍ ഈ വർഷം ഫെബ്രുവരിയിൽ 48% അധിക വില്പന നേടാൻ കഴിഞ്ഞിരുന്നു. 2020 ഫെബ്രുവരിയിൽ 11782 അധിക യൂണിറ്റുകൾ ആണ് കഴിഞ്ഞ വർഷത്തേക്കാൾ മാരുതി വിറ്റഴിച്ചത്.