സര്‍വയലന്‍സ് ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരോധനം ഉറപ്പുവരുത്താനാണ് മേയര്‍ ലക്ഷ്യമിടുന്നത്

മിലാന്‍: മലിനീകരണത്തിന് അറുതിയാവുന്നില്ല, അറ്റകൈ പ്രയോഗവുമായി യൂറോപ്പിലെ സുപ്രധാന നഗരം. യൂറോപ്പിലെ വായു ഗുണ നിലവാരത്തില്‍ ഏറ്റവും പിന്നിലുള്ള നഗരങ്ങളിലൊന്നായ ഇറ്റലിയിലെ മിലാനാണ് സുപ്രധാന നീക്കത്തിനൊരുങ്ങുന്നത്. നഗരത്തില്‍ കാര്‍ നിരോധിക്കാനാണ് മിലാന്‍ ഒരുങ്ങുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ നീക്കം സഹായിക്കുമെന്നാണ് മിലാന്‍ മേയര്‍ ഗിസപ്പേ സാല വിലയിരുത്തുന്നത്.

മേയറുടെ നിര്‍ദ്ദേശത്തിന് പച്ചക്കൊടി ലഭിച്ച് കഴിഞ്ഞാല്‍ 2024 മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. സര്‍വയലന്‍സ് ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരോധനം ഉറപ്പുവരുത്താനാണ് മേയര്‍ ലക്ഷ്യമിടുന്നത്. യൂറോപ്പിലെ ഏറ്റവും മലിനീകൃതമായ നഗരങ്ങളിലൊന്നാണ് മിലാന്‍. സാധാരണ മനുഷ്യന്‍റെ ആരോഗ്യ സ്ഥിതി മോശമാക്കുന്നതാണ് മിലാനിലെ വായു ഗുണ നിലവാരം. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന വായു ഗുണ നിലവാരത്തേക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് മിലാനിലെ വായു മലിനീകരണം. 19.7 മൈക്രോഗ്രാമാണ് ഓരോ ക്യുബിക് മീറ്ററിലേയും മിലാനിലെ മലിനീകരണം.

ഭീമമായ രീതിയിലുള്ള മലിനീകരണത്തിന് തടയിടാനുള്ള ആദ്യ പടിയായാണ് കാറുകള്‍ വിലക്കാനൊരുങ്ങുന്നത്. ചെറിയ കാര്യമാണ് എന്നാല്‍ ചരിത്ര പരമായ കാര്യമെന്നാണ് നീക്കത്തക്കുറിച്ച് മേയര്‍ പ്രതികരിക്കുന്നത്. സ്വന്തമായി ഗാരേജോ, കാര്‍ പാര്‍ക്കിംഗോ ഉള്ള നഗരത്തിലെ താമസക്കാര്‍ക്ക് വിലക്ക് ബാധകമാവില്ല. കാല്‍ നടയാത്രക്കാര്‍ക്ക് കൂടുതല്‍ സൌഹൃദാന്തരീക്ഷം ഇതിലൂടെ സൃഷ്ടിക്കാനാവുമെന്നാണ് മേയര്‍ വിലയിരുത്തുന്നത്. കാറുകള്‍ക്ക് വിലക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ നഗരമല്ല മിലാന്‍. നേരത്തെ സ്റ്റോക്ക്ഹോം പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം