രാജ്യത്തെ പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ എക്സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ആദ്യ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ചു. എക്സൈഡ് നിയോ എന്ന പേരില്‍ ചെറു ഇലക്ട്രിക് ഓട്ടോ റിക്ഷയാണ് കമ്പനി വിപണിയിലെത്തിച്ചത്. 

വാഹനത്തിന്റെ ബാറ്ററി റേഞ്ച്, ഇലക്ട്രിക് മോട്ടോര്‍ തുടങ്ങിയ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മികച്ച ടെക്‌നോളജിയില്‍ സുഖകരമായ യാത്രാനുഭവത്തിനൊപ്പം ഉയര്‍ന്ന ബാറ്ററി റേഞ്ച്  നിയോ ഇ-റിക്ഷയില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

റിയര്‍വ്യൂ ക്യാമറയോടെ അകത്തെ റിയര്‍വ്യൂ മിററിന്റെ സ്ഥാനത്ത് എല്‍സിഡി ഡിസ്പ്ലേയാണ് നിയോയില്‍. വലിയ സ്‍മാര്‍ട്ട് എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനലും വാഹനത്തിലുണ്ട്. എഫ്എം സിസ്റ്റം, ഇന്‍ബില്‍ഡ് മൊബൈല്‍ ചാര്‍ജര്‍, ഉറപ്പേറിയ എബിഎസ് റൂഫ് എന്നിങ്ങനെ നീളുന്നു നിയോയുടെ ഫീച്ചേഴ്സ്.


ബംഗാളിലെ ഡാന്‍കുനി പ്ലാന്റിലാണ് വാഹനം നിര്‍മ്മിക്കുന്നത്. വര്‍ഷംതോറും 15,000 യൂണിറ്റ് വാഹനം നിര്‍മിച്ച് പുറത്തിറക്കാന്‍ ശേഷിയുള്ളതാണ് ഈ നിര്‍മാണ കേന്ദ്രം. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ എക്സൈഡ് നിയോ ലഭ്യമാവുക.