സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ പരിശോധിക്കാനെത്തിയ നിരീക്ഷകർക്ക് നൽകിയത് കള്ള ടാക്സികള്‍!

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമക്കേടുകൾ പരിശോധിക്കാനെത്തിയ നിരീക്ഷകർക്ക് നൽകിയത് കള്ള ടാക്സികളെന്ന് റിപ്പോര്‍ട്ട്. ടാക്സി കാറുകളെന്ന വ്യാജേന മഞ്ഞ നമ്പർബോർഡ് വെച്ച് നിരീക്ഷകർക്ക് നൽകിയത് സ്വകാര്യ കാറുകളാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. നീല ബീക്കൺ ലൈറ്റും വാഹനങ്ങളിൽ ഘടിപ്പിച്ചു. 

ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണ് ഈ കാറുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 130 ഉന്നതോദ്യോഗസ്ഥരാണ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. 14 ജില്ലകളിലായിട്ടാണ് ഇവരെ വിന്യസിച്ചിട്ടുള്ളത്.

ഇവർക്ക് വാഹനം ഏർപ്പെടുത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ക്രമക്കേട് കാട്ടിയത്. നിരീക്ഷകർക്ക് നൽകിയതിൽ പലതും ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കാറുകളാണ്. മോട്ടോർവാഹനവകുപ്പിന് ഇതേക്കുറിച്ച് തെളിവ് സഹിതം പരാതി ലഭിച്ചിട്ടുണ്ട്. നിരീക്ഷകർക്കായി ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ മോട്ടോർവാഹനവകുപ്പും പോലീസും തയ്യാറാകില്ല. ഇതിനു മറവിലാണ് ക്രമക്കേടുകളെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

എന്തായലും ലക്ഷക്കണക്കിനു രൂപ ടാക്സ് വെട്ടിച്ചും ടാക്സി തൊഴിലാളികളെയും വഞ്ചിച്ചും സർവീസ് നടത്തുന്ന കള്ള ടാക്സി മാതൃകയില്‍ തന്നെ തെരെഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ കണ്ടെത്താനെത്തിയവര്‍ക്ക് വാഹനങ്ങള്‍ നല്‍കിയത് വിവാദമായിരിക്കുകയാണ്.