ഡിസംബര്‍ ഒന്നുമുതല്‍ വാഹനങ്ങളില്‍ ഫാസ്‍ടാഗ് നിര്‍ബന്ധമാക്കുന്നു

ദില്ലി: ഡിസംബര്‍ ഒന്നുമുതല്‍ വാഹനങ്ങളില്‍ ഫാസ്‍ടാഗ് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ എല്ലാ ടോള്‍ പ്‌ളാസകളിലും നാല് ട്രാക്കുകള്‍ ഫാസ്‍ടാഗ് ആക്കണമെന്ന് നിര്‍ദേശമെത്തി. മൊത്തമുള്ള ട്രാക്കുകളില്‍ ഇരുവശങ്ങളിലേക്കും നാലുവീതം മൊത്തം എട്ട് ട്രാക്കുകളില്‍ ഫാസ്‍ടാഗ് സംവിധാനം നടപ്പാക്കാനാണ് നിര്‍ദേശം. 

ഈ ട്രാക്കിലൂടെ ഫാസ്‍ടാഗില്ലാത്ത വാഹനങ്ങള്‍ക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോള്‍ ബാരിക്കേഡ് സ്വയം വീഴും. അപ്പോള്‍ കൗണ്ടറില്‍ പണമടച്ച് കടന്നുപോകാം.

എന്നാല്‍ തുടക്കത്തില്‍ ഫാസ്‍ടാഗില്ലാത്ത വാഹനങ്ങളോട് കര്‍ശനനിലപാട് വേണ്ടെന്ന് ദേശീയപാത അതോറിറ്റി ടോള്‍ പ്ലാസ നടത്തുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിയമപ്രകാരമുള്ള ഫാസ്റ്റാഗ് ഇല്ലാതെ അതിനുള്ള ട്രാക്കിലൂടെ എത്തുന്ന വാഹനങ്ങളില്‍നിന്ന് ഇരട്ടി ടോള്‍ ഈടാക്കാനായിരുന്നു തീരുമാനം. ഇത് തുടക്കത്തില്‍ വേണ്ടെന്നും ആവര്‍ത്തിക്കുന്നവരില്‍നിന്ന് ഈടാക്കിയാല്‍ മതിയെന്നുമാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡിസംബര്‍ ഒന്നുമുതല്‍ ഇരുദിശകളിലേക്കും ഓരോ ട്രാക്ക് മാത്രമാണ് പണമടച്ചുപോകുന്ന വാഹനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. പാതയുടെ ഏറ്റവും ഇടതുവശത്തെ കൗണ്ടറായിരിക്കും ഇത്.